ലോക്ക് ഡൗൺ കാലത്ത് സ്പാനിഷ് പഠനത്തിലാണ് തൈമൂർ അലി ഖാൻ

ലോക്ക് ഡൗൺ സമയത്ത് എല്ലാവരും പുതിയ കാര്യങ്ങൾ പടിക്കുന്നതിന്റെയും പരീക്ഷിക്കുന്നതിന്റെയും തിരക്കുകളിലാണ്. കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാനും പഠനത്തിരക്കിലാണ്. പക്ഷേ, തൈമൂർ പഠിക്കുന്നത് സ്പാനിഷ് ആണ്. ഓൺലൈനായാണ് തൈമൂർ സ്പാനിഷ് പഠിക്കുന്നത്.
ഓൺലൈൻ സ്പാനിഷ് അധ്യാപികയ്‌ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘ഒടുവിൽ എന്റെ ഓൺസ്‌ക്രീൻ സ്പാനിഷ് വിദ്യാർത്ഥിയെ നേരിൽ കണ്ടുമുട്ടി’ എന്ന കുറിപ്പിനൊപ്പം അധ്യാപിക പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ലോക്ക് ഡൗൺ സമയത്ത് സെയ്ഫ് അലി ഖാന്റെ പട്ടൗഡി കൊട്ടാരത്തിലാണ് തൈമൂർ.
ഇപ്പോൾ അമീർ ഖാൻ നായകനാകുന്ന ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായി കരീനയും സെയ്‌ഫും തൈമൂറുമൊത്ത് ഡൽഹിയിലാണ്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തൈമൂറിനെ വീടിനുള്ളിൽ പിടിച്ചിരുത്താൻ പ്രയാസപ്പെടുന്നതായി കരീന കപൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

വീടിനുള്ളിൽ ഇരിക്കാൻ തീരെ ഇഷ്ടമില്ലാത്ത കുട്ടിയാണ് തൈമൂർ. അതുകൊണ്ട് തന്നെ തൈമൂറിനെ പിടിച്ചിരുത്താൻ കരീന കണ്ടെത്തിയ വഴികളും രസകരമാണ്. മുഖത്ത് ചായം പൂശി കൊടുത്തും , പുൽത്തകിടിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയുമൊക്കെയാണ് തൈമൂറിന്റെ ക്വാറന്റീൻ ദിനങ്ങൾ കരീനയും സെയ്‌ഫും നിയന്ത്രിച്ചത്. തൈമൂർ പുറത്തിറങ്ങിയാൽ ചെറുപ്പം മുതൽ ക്യാമറക്കണ്ണുകൾ തേടിവരാറുണ്ട്. ക്യാമറയുമായി പിന്നാലെ വരുന്നവർ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂറിന്റെ ധാരണയും. അതേസമയം, രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കരീനയും സെയ്‌ഫും.
Story highlights- Taimur learns Spanish during the pandemic