‘ലോകമെമ്പാടുമുള്ള ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്നത്തിൽ നിന്ന് ഞാനും സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നു’- തമന്ന

October 5, 2020

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടി തമന്ന ഭാട്ടിയ. ഇപ്പോഴിതാ, ആശുപത്രിയിൽ ചികിത്സകൾ പൂർത്തിയാക്കിയശേഷം വീട്ടിലേക്ക് മടങ്ങിയതായി അറിയിച്ചിരിക്കുകയാണ് താരം. സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താരം അറിയിച്ചു. ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് തമന്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘ ഞാനും എന്റെ ടീമും സെറ്റിൽ വളരെയധികം ശ്രദ്ധയോടെയായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ കഴിഞ്ഞ ആഴ്ച ഒരു നേരിയ പനി ബാധിച്ചു. നിർദേശിച്ച പരിശോധനകൾ നടത്തിയ ശേഷം, ഞാൻ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഞാൻ. വിദഗ്ദ്ധരായ മെഡിക്കൽ പ്രൊഫഷണലുകളുടെ സംരക്ഷണയിൽ കഴിഞ്ഞതിന് ശേഷം എന്നെ ഡിസ്ചാർജ് ചെയ്തു’ – തമന്ന കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

https://www.instagram.com/p/CF9xvIwBJ5C/?utm_source=ig_web_copy_link

ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിട്ടില്ല താരം. സെൽഫ് ഐസൊലേഷനിൽ തുടർന്നതിന് ശേഷം വീണ്ടും ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ രോഗമുക്തി ഉറപ്പാക്കാൻ സാധിക്കു. ‘കഠിനമായ ഒരാഴ്ചയാണ് കടന്നുപോയത്. പക്ഷേ, താരതമ്യേന എനിക്ക് സുഖം തോന്നുന്നു. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ പ്രശ്നത്തിൽ നിന്ന് ഞാൻ പൂർണമായി സുഖം പ്രാപിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്. ഇനിയുള്ള ദിനങ്ങൾ സെല്ഫ് ഐസൊലേഷന്റെതാണ്’. തമന്ന കുറിക്കുന്നു.