ആശുപത്രി വിട്ട് ടൊവിനോ വീട്ടിലെത്തി; സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയറിയിച്ച് താരം
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ടൊവിനോ തോമസ് വീട്ടില്‍ തിരികെയെത്തി. പ്രാര്‍ത്ഥനകളും സ്നേഹവുമയി പിന്തുണച്ച എല്ലാവര്ക്കും താരം നന്ദിയും അറിയിച്ചു.
“വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകള്‍ വിശ്രമിക്കാനാണു നിര്‍ദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരുപാട് നന്ദി, നിറയെ സ്നേഹം. ഹൃദയത്തോട് എത്രയധികം ചേര്‍ത്ത് വച്ചാണു നിങ്ങള്‍ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളില്‍ നിന്നുള്ള ഏറ്റവും വലിയ പാഠം. ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും, നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടുമുട്ടാം നിങ്ങളുടെ സ്വന്തം ടൊവീനോ.’ എന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.
Story highlights: Tovino Thomas discharged from hospital