ചലച്ചിത്രതാരം ടൊവീനോ തോമസിന്റെ നില മെച്ചപ്പെട്ടു; തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റി
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താരത്തെ മാറ്റി. സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിനുള്ള സാധ്യതയില്ലെന്നും ആന്തരിക അവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയത്. അതേസമയം കുറച്ച് ദിവസങ്ങൾ കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചിട്ടുണ്ട്.
കടുത്ത വയറുവേദനയെ തുടർന്നാണ് ടൊവിനോയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ പരിക്കിനെത്തുടർന്ന് വയറിനുള്ളിൽ ചെറിയ രക്തക്കുഴൽ മുറിഞ്ഞതാണ് വേദനയ്ക്ക് കാരണമായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടൊവിനോ തോമസിന് പരിക്ക് പറ്റിയത്. അത് കാര്യമാക്കാതെ പിറ്റേന്നും ഷൂട്ടിംഗിനെത്തി. ചിത്രീകരണത്തിനിടയിൽ അസഹ്യമായ വയറുവേദന ഉണ്ടായതിനെത്തുടർന്നാണ് ബുധനാഴ്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് അപകടം ഉണ്ടായത്. സിനിമയുടെ സംഘട്ടന രംഗത്തിനിടെയാണ് പരിക്ക് പറ്റിയത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കള’. കളയുടെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ തോമസ്.
Story Highlights: Tovino Thomas health updates