‘ബ്രൂസ്ലി’യ്ക്കായി കളരി പഠിക്കാൻ കണ്ണൂരെത്തി ഉണ്ണി മുകുന്ദൻ
വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന ചിത്രത്തിനായി കളരി പഠിക്കാനൊരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. അതിസാഹസിക രംഗങ്ങളുള്ള ചിത്രത്തിനായി കണ്ണൂരുള്ള മലയോര ഗ്രാമമായ ചെറുപുഴയിലെ പാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ സിവിവി കളരിയിലാണ് താരം എത്തിയിരിക്കുന്നത്. ഒൻപതു ദിവസത്തോളം താരം കളരി പരിശീലിക്കും.
അതേസമയം, ബ്രൂസ്ലി എന്ന ചിത്രത്തിലൂടെ നിർമാണ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണ കമ്പനിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരുന്നു.
2011ൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ഉണ്ണി മുകുന്ദൻ വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടുകഴിഞ്ഞു. യുവതാരങ്ങളായ പൃഥ്വിരാജ്, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർക്ക് പിന്നാലെയാണ് സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് ഉണ്ണി മുകുന്ദനും ആരംഭിക്കുന്നത്.
മലയാളത്തിൽ വിജയം കൊയ്ത നന്ദനം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. മമ്മൂട്ടിക്കൊപ്പം ബോംബെ മാർച്ച് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, മനോജ് കെ ജയൻ തുടങ്ങി വലിയ താരനിരയിലെത്തിയ മല്ലു സിംഗ് വൻ വിജയമായതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രിയങ്കരനായി മാറിയത്.
Read More: ചർമ്മത്തിന് തിളക്കം നൽകാൻ മാതളനാരങ്ങ
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാമാങ്കമാണ് അവസാനമായി തിയേറ്ററുകളിലെത്തി ചിത്രം. അഭിനയത്തിന് പുറമെ അസിസ്റ്റന്റ് ഡയറക്ടർ, ഗായകൻ, ഗാന രചയിതാവ് തുടങ്ങി നിരവധി മേഖലകളിൽ ഉണ്ണി മുകുന്ദൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
Story highlights- unni mukundan bruce lee movie