മൂന്നാഴ്ച മാത്രം പ്രായമായ കുഞ്ഞിനൊപ്പം ജോലിയ്ക്ക് പ്രവേശിച്ച ഐഎഎസ് കാരിയായ ‘അമ്മ; ഹൃദയംതൊട്ട കാഴ്ച
‘അമ്മ സ്നേഹത്തിന്റെ ഹൃദയം കവരുന്ന കാഴ്ചകളും ചിത്രങ്ങളും ദിവസവും കാണാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെ കൈയിൽ പിടിച്ചുകൊണ്ട് ഓഫീസ് ജോലിചെയ്യുന്ന ഒരു അമ്മയുടെ ചിത്രമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. ഉത്തർപ്രദേശിലെ ഐ എ എസ് ഓഫീസറായ സൗമ്യ പാണ്ഡെയാണ് നവജാത ശിശുവിനെ കൈയിൽ പിടിച്ചുകൊണ്ട് ജോലിയിൽ കർമ്മനിരതയാകുന്നത്.
ഉത്തര്‍പ്രദേശില്‍ മോദിനഗറിലെ സബ് ഡിവിഷണല്‍ മജിസ്ട്രേട്ടാണ് സൗമ്യ പാണ്ഡെ. കൊവിഡ് ബാധിച്ചതോടെ ഉത്തരവാദിത്യവും കൂടി. അതുകൊണ്ടുതന്നെ പ്രസവം കഴിഞ്ഞ് മൂന്നാഴ്ചക്കുള്ളിൽ തന്നെ സൗമ്യ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ഫയലുകൾ നോക്കുന്നതും സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകുന്നതുമൊക്കെ കുഞ്ഞിനെ കൈയിൽ പിടിച്ചുകൊണ്ടാണ്.
‘ദൈവം സ്ത്രീകൾക്ക് ഒന്നിലധികം കാര്യങ്ങൾ ഒരേ സമയം ചെയ്യുന്നതിനുള്ള കഴിവ് നൽകിയിട്ടുണ്ട്. കുഞ്ഞിനെ നോക്കികൊണ്ടുതന്നെ ജോലി ചെയ്യാവുന്ന സാഹചര്യം ഇപ്പോൾ എനിക്കുണ്ട്, അതിനാൽ ഇതിൽ പരാതിയോ പരിഭവമോ ഇല്ല. ഇന്ത്യയിൽ നിരവധി ഗ്രാമങ്ങളിൽ പ്രസവ ദിവസം വരെ ജോലി ചെയ്യുന്ന പെൺകുട്ടികൾ ഉണ്ട്. പ്രസവ ശേഷവും വീട്ടിലെ ജോലികളും മറ്റും ചെയ്യുന്നത് സ്ത്രീകൾ തന്നെയാണ്’ സൗമ്യ പറഞ്ഞു.
ഡോ. പ്രശാന്താണ് സമൂഹ മാധ്യമത്തില്‍ സൗമ്യ കുട്ടിയുമായി ഇരിക്കുന്ന ചിത്രവും വിഡിയോയും പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധിപ്പേരാണ് സൗമ്യയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.
Story Highlights: up ias officer works with newborn baby