താമസിക്കാൻ ഇവിടേക്ക് വരൂ; ലക്ഷങ്ങൾ തരാം, ഒപ്പം വൻ ഓഫറും
ജീവിതച്ചിലവ് ദിവസേന വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ താമസക്കാരെ തങ്ങളുടെ ഗ്രാമത്തിലേക്ക് ക്ഷണിക്കുകയാണ് സഞ്ചാരികളുടെ പ്രിയനഗരമായ ഇറ്റലിയിലെ സാന്റോ സ്റ്റെഫാനോ ഡി സെസ്സാനിയോ. ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് സഞ്ചാരികളെ ഈ ഗ്രാമത്തിലേക്ക് താമസിക്കാൻ ക്ഷണിക്കുന്നത് എന്നതാണ് ഏറെ പ്രത്യേകത.
ആളുകളുടെ എണ്ണം വർധിപ്പിക്കാനും സമ്പദ് വ്യവസ്ഥ നിലനിർത്താനും വേണ്ടിയാണ് ഇവിടേക്ക് താമസക്കാരെ ക്ഷണിക്കുന്നത്. നിലവിൽ ഈ ഗ്രാമത്തിൽ 115 താമസക്കാർ മാത്രമാണ് ഇവിടെ ഉള്ളത്. ഇതിൽ കൂടുതലും കുട്ടികളും മുതിർന്നവരുമാണ്. അതുകൊണ്ടുതന്നെ 18 വയസിനും 40 വയസിനും ഇടയിലുള്ളവരെയാണ് ഇവിടേക്ക് ക്ഷണിക്കുന്നത്. ഇവിടെ എത്തുന്ന പുതിയ താമസക്കാർക്ക് നിരവധി ഓഫറുകളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
ഇവിടെ എത്തുന്ന എല്ലാ പുതിയ താമസക്കാർക്കും ആദ്യത്തെ മൂന്ന് വർഷത്തേക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വീതം നൽകും. ഇത്തരത്തിൽ ഒരു വർഷത്തേക്ക് ആറു ലക്ഷം രൂപ വരെയാണ് നൽകുക. ഇതിന് പുറമെ പുതിയ താമസക്കാർക്ക് അവിടെ തന്നെ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവർ ഒരുക്കുന്നുണ്ട്. ബിസിനസ് തുടങ്ങാൻ 15 ലക്ഷം രൂപവരെ ഒരുമിച്ച് ലഭ്യമാകുന്ന രീതിയിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബിസിനസ് തുടങ്ങുന്നതിനായി താമസക്കാർക്ക് അവിടെ ഭൂമിയും ലഭിക്കും. എന്നാൽ അതിന് ഒരു ചെറിയ തുക വാടക നൽകേണ്ടി വരും. ഗൈഡുകൾ, ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ, ക്ലീനർ, മെയിന്റനൻസ് തൊഴിലാളികൾ, മരുന്ന് കടകൾ, അല്ലെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ മാത്രമേ ഇവിടെ തുടങ്ങാൻ സാധിക്കുകയുള്ളു.
അതേസമയം ഇവിടേക്ക് താമസിക്കാൻ പോകണമെങ്കിൽ കുറച്ച് നിബന്ധനങ്ങൾ കൂടി പാലിക്കേണ്ടതായുണ്ട്. ഇതിനായി അപേക്ഷിക്കുന്നവരുടെ പ്രായപരിധി 18-4 വയസ് വരെയാണ്. ഇറ്റലിയിലെ താമസക്കാർക്കോ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കോ അതുമല്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് യൂറോപ്യൻ യൂണിയനിൽ തുടരാനുള്ള അവകാശമുള്ളവർക്കോ മാത്രമേ ഇവിടെ താമസിക്കാൻ അനുവാദം ലഭിക്കുകയുള്ളു. ഒക്ടോബർ 15 മുതലാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതിനോടകം നിരവധിപ്പേർ ഇതിനായി അപേക്ഷ അയച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന കുറച്ച് പേർക്ക് മാത്രമായിരിക്കും അവിടെ താമസിക്കാനുള്ള അനുമതി ലഭിക്കുക.
Read also: ഇനി കാറിലേറി മാനത്ത് പറക്കാം; പരീക്ഷണ പറക്കൽ പൂർത്തിയാക്കി പറക്കും കാർ- വീഡിയോ
കാണാൻ വളരെ മനോഹരമായ ഗ്രാമമാണ് ഇതെങ്കിലും പട്ടണത്തിൽ നിന്നും ഏകദേശം അരമണിക്കൂർ ദൂരമുണ്ട് ഇവിടേക്ക്. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്ക് ഒന്നര മണിക്കൂർ ദൂരമുണ്ട്. ശൈത്യകാലത്ത് അതിശക്തമായ മഞ്ഞു വീഴ്ച ഉള്ള ഒരിടം കൂടിയാണ് ഇത്.
Story Highlights: village offers lakhs to immigrants