‘എന്റെ പ്രിയപ്പെട്ടവര്‍ക്കായ് ഈ അവാര്‍ഡ് പങ്കിടുന്നു’: നന്ദിയറിയിച്ച് വിനീത്
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ പലരും ശ്രദ്ധിച്ച ഒരു പേരാണ് വിനീതിന്റേത്. മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള പുരസ്കാരമാണ് വിനീതിനെ തേടിയെത്തിയത്. നടനായും ഡാന്‍സറായും എല്ലാം പ്രേക്ഷക പ്രീതി നേടിയ വിനീതിന്റെ ശബ്ദത്തെ തേടിയെത്തുകയായിരുന്നു ഇത്തവണ പുരസ്കാരം.
ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സംഹം എന്നീ സിനിമകളിലെ ഡബ്ബിങ്ങിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തിനാണ് വിനീത് ശബ്ദം നല്‍കിയത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അര്‍ജുനു വേണ്ടിയും വിനീത് ഡബ്ബ് ചെയ്തു.
പുരസ്കാര നേട്ടത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ താരം പ്രിയപ്പെട്ടവര്‍ക്ക് നന്ദിയറിയിച്ചു. ‘മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള അവാര്‍ഡിനായി തെരഞ്ഞെടുത്തതിന് ജൂറിക്കും സംസ്ഥാന സര്‍ക്കാരിനും നന്ദി. ലൂസിഫറിന്റേയും മരയ്ക്കാറിന്റേയും പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കിടുകയാണ് ഈ പുരസ്കാരം. പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട ലാലേട്ടന്, പ്രിയേട്ടന്, ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, മുരളി ഗോപി, ലൂസിഫറിന്റെ അസോസിയേറ്റ് സംവിധായകന് വാവ എന്നിവര്‍ക്കായ്. അഭിനന്ദനം അറിയിച്ച എല്ലാവര്ക്കും നന്ദി: വിനീത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
Story highlights: Vineeth share his respond on state award