തുപ്പല്‍ പ്രയോഗത്തിന് ശ്രമം; അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ കോലിയുടെ കള്ളച്ചിരിയും: വൈറല്‍ വീഡിയോ

October 6, 2020
Virat Kohli forgets no saliva in ball rule

കൊവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകത്ത് ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പന്തില്‍ തുപ്പല്‍ പുരട്ടുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പന്തില്‍ തുപ്പല്‍ പുരട്ടാന്‍ ശ്രമിക്കുന്ന വിരാട് കോലിയുടെ വീഡിയോയാണ് വൈറലാകുന്നത്. തുപ്പല്‍ പുരട്ടുന്നതിന് മുമ്പേ അബദ്ധം മനസ്സിലാക്കിയ താരം ഒരു കള്ളച്ചിരിയും ചിരിക്കുന്നുണ്ട്. എന്തായാലും കായികലോകത്ത് വൈറലാണ് ഈ വീഡിയോ.

ഐപിഎല്‍ പതിമൂന്നാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു കോലിയുടെ അബദ്ധം. എന്നാല്‍ മത്സരത്തില്‍ കോലിപ്പടയ്ക്ക് വിജയിക്കാനായില്ല. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 196 റണ്‍സ് അടിച്ചെടുത്തു. 197 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി കളത്തിലിറങ്ങിയെങ്കിലും വിജയിക്കാനായില്ല കോലിപ്പടയ്ക്ക്. 59 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

അതേസമയം ഇന്നലെ നടന്ന മത്സരത്തിലൂടെ തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരു പുതു ചരിത്രം കുറിച്ചു വിരാട് കോലി. ട്വന്റി 20 കരിയറില്‍ 9000 റണ്‍സെന്ന അപൂര്‍വ്വ നേട്ടമാണ് താരം സ്വന്തം പേരിലാക്കിയത്. അന്താരാഷ്ട്ര ടി ട്വന്റിയില്‍ 9000 റണ്‍സെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും വിരാട് കോലിയാണ്. 270 ട്വന്റി 20 ഇന്നിങ്സുകളില്‍ നിന്നുമായി 8990 റണ്‍സുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കോലി കളത്തിലിറങ്ങയത്. മത്സരത്തില്‍ 43 റണ്‍സും താരം നേടി. ഇതോടെ ട്വന്റി 20 യില്‍ 9033 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള കൈമുതല്‍.

Story highlights: Virat Kohli forgets no saliva in ball rule