ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാം; ലോക ഭക്ഷ്യദിനത്തിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഇന്ന് ഒക്ടോബർ 16, ലോക ഭക്ഷ്യദിനം. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം ആയി ആചരിക്കുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്രസഭ ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. ‘വളർത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ. ഒറ്റക്കെട്ടായി. നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി’- എന്നതാണ് ഈ വർഷത്തെ ഭക്ഷ്യദിനം മുന്നോട്ട് വയ്ക്കുന്ന ആശയം.
വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിച്ചെടുക്കുക എന്നതാണ് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ലക്ഷ്യം. ലോകത്തെ ലക്ഷക്കണക്കിന് ജനങ്ങളുടെ വിശപ്പിന്റെയും ദാരിദ്രത്തിന്റയും കാരണങ്ങൾ കണ്ടെത്താനും കൃത്യമായ പരിഹാര മാർഗങ്ങൾ ഉണ്ടാക്കാനുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ ഭക്ഷ്യദിനങ്ങളും. അതിനൊപ്പം ആരോഗ്യമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കേണ്ട ആവശ്യകതയും ഓരോ ഭക്ഷ്യ ദിനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.
രോഗികളെ സൃഷ്ടിക്കുന്നതിൽ ആഹാരത്തിന് നല്ലൊരു പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടാവണം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കേണ്ടത്. വയറു നിറയ്ക്കാൻ എന്തെങ്കിലുമൊക്കെ വാങ്ങിക്കഴിക്കുന്നതിന് പകരം പോഷക ഗുണങ്ങൾ അടങ്ങിയ സമീകൃതാഹാരമാണ് ശീലമാക്കേണ്ടത്. ഒരു ദിവസത്തേക്ക് ആവശ്യമായ ഊർജം തലച്ചോറിന് നൽകുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാൽ പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉച്ചഭക്ഷണം സമീകൃത്യമായി കഴിക്കണം. അരിയുടെ അളവ് കുറച്ച് പച്ചക്കറികളും സാലഡും നന്നായി കഴിക്കുക. രാത്രി കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഡിന്നർ കഴിച്ചിരിക്കണം.
ഈ മഹാമാരിക്കാലത്തെ ഭക്ഷ്യദിനത്തിൽ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുവഹിച്ച ഭക്ഷ്യ- കാർഷിക മേഖലയിലെ ഹീറോകൾക്കും ആദരമർപ്പിക്കാം.
Story Highlights:world food day 2020