ഇന്ന് ലോക സ്ട്രോക്ക് ദിനം; രോഗം വരാതെ സൂക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഇന്ന് ലോക സ്ട്രോക്ക് ദിനം. ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ജീവിത ശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണരീതിയും, മാനസീക പിരിമുറുക്കവും പുകവലിയുടെ ഉപയോഗവുമെല്ലാം ഇതിന് കാരണമാകാറുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് മന്ദീഭവിക്കുയോ ഭാഗികമായി നില്‍ക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം. എന്നാൽ മസ്തിഷ്‌കാഘാതം വരുന്നതിനു മുന്‍പ് അതിന്റെ സാധ്യതകളെകാട്ടി ശരീരം തന്നെ മുന്നറിയിപ്പു നല്‍കാറുണ്ട്. പക്ഷെ നമ്മളില്‍ പലരും ഇത് ശ്രദ്ധിക്കാറില്ല എന്നാണ് വാസ്തവം.
രണ്ട് തരത്തിലുളള സ്‌ട്രോക്കുകളാണുളളത്. ഒന്ന് സ്‌ട്രോക്ക് ഇസ്‌കീമിക്, രണ്ടാമത്തേത് സ്‌ട്രോക്ക് ഹെമറാജിക്.
സ്‌ട്രോക്ക് ഇസ്‌കീമിക്: രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെ ആണ് സ്‌ട്രോക്ക് ഇസ്‌കീമിക് എന്നു പറയുന്നു.
സ്‌ട്രോക്ക് ഹെമറാജിക്: രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുയും ചെയ്യുന്ന അവസ്ഥയെയാണ് സ്‌ട്രോക്ക് ഹെമറാജിക് എന്നു പറയുന്നത്. കൂടുതൽ അപകടം സ്‌ട്രോക്ക് ഹെമറാജിക് ആണ്.
രോഗലക്ഷണങ്ങൾ :
നാഡീവ്യവസ്ഥയിലെ തകരാറുകൾമൂലം ശരീരത്തിന്റെ ഒരു വശം തളരുക, കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിയുക, വിവിധ പ്രവർത്തികൾ ചെയ്യാൻ പറ്റായ്‌ക, എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ചിലത് രോഗിയിൽ ദൃശ്യമാകുന്നു. ബോധക്ഷയം, തലകറക്കം, സ്ഥലകാലബോധം നഷ്ടമാകൽ, അപസ്മാരം, തലവേദന എന്നിവയും രോഗലക്ഷണങ്ങളാണ്.
പക്ഷാഘാതം തടയാൻ:
* നന്നായി ഉറങ്ങുക
*കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക
*നന്നായി വെള്ളം കുടിയ്ക്കുക
*പുകവലി നിർത്തലാക്കുക
*വ്യായാമം ശീലമാക്കുക
*ശരീര ഭാരം നിയന്ത്രിക്കുക
Story Highlights: World Stroke Day