ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി ‘വെറുതെ’ എന്ന സംഗീതാവിഷ്കാരം
ശ്രദ്ധ നേടുകയാണ് ‘വെറുതെ’ എന്ന സംഗീതാവിഷ്കാരം. മനോഹരമായ ഈ മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. സുന്ദരമായ ജീവിതത്തിനു വേണ്ടി നിരന്തരമായ പരിശ്രമം ചെയ്യണമെന്നുള്ള ആഹ്വാനമാണ് ഈ സംഗീത വീഡിയോ. ദുര്ബലതകളിലാണ് പലപ്പോഴും ശക്തരാകുന്നത് എന്ന ഓര്‍മ്മപ്പെടുത്തലും ആസ്വാദകര്‍ക്ക് ഈ വീഡിയോ നല്കുന്നു.
മാനസിക ആരോഗ്യത്തിന്റെ പ്രതിഫലനമാണ് പാട്ടിലെ ഓരോ വരിയിലും പ്രതിഫലിക്കുന്നത്. സയ്ലൻ അര്‍മാനിയാണ് മനോഹരമായ ഈ സംഗീതാവിഷ്കാരത്തിന് പിന്നില്‍. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും കംപോസ് ചെയ്തിരിക്കുന്നതും ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നതും സയ്ലൻ ആണ്.
മനസിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ദുര്‍ബലരായ പലരും നമുക്ക് ഇടയിലുണ്ട്. ഉള്ളു നീറുമ്പോഴും പുറമെ ചിരിച്ച് നടക്കുന്നവര്‍. എന്നാല്‍ ചില ദുര്‍ബലനിമിഷങ്ങളില്‍ പിടിച്ചു നില്ക്കാനാവാതെ പലരും സ്വയം മരണം വരിക്കുന്നു. ഇങ്ങനെയുള്ള ചില ജീവിതങ്ങളെ അടുത്തറിഞ്ഞതില്‍ നിന്നുമാണ് ‘വെറുതെ’ എന്ന സംഗീതാവിഷ്കാരത്തിന് സയ്ലൻ പിറവി കൊടുത്തത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരികള്‍ എഴുതി. ഈ വര്‍ഷം ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനത്തില്‍ പാട്ടിന് ജീവന് പകര്‍ന്നു. ഒരു പ്രസംഗത്തെക്കാള്‍ ഉപരി പാട്ടിലൂടെ മറ്റുള്ളവരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ സാധിക്കുമെന്ന ബോധ്യത്തില്‍ നിന്നുമാണ് സയ്ലൻ ഇങ്ങനെയൊരു സംഗീതാവിഷ്കാരത്തിലെത്തിച്ചേര്ന്നത്. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്ക്കുന്നു.
സ്റ്റീവ് ബെഞ്ചമിനാണ് സംഗീതാവിഷ്കാരത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കാമി മീഡിയയാണ് കാര്യനിര്‍വഹണം. പലരും നിത്യവും ഉപയോഗിക്കുന്ന വാക്കാണ് ‘വെറുതെ’ എന്നത്. ആ വാക്കിന് ഒരുപാട് അര്‍ത്ഥതലങ്ങളുമുണ്ട്. അതുകൊണ്ടാണ് മനസ്സിനെ തൊട്ടുണര്‍ത്തുന്ന ഈ സംഗീതാവിഷ്കാരത്തിന് സയ്ലൻ അര്‍മാനി ‘വെറുതെ’ എന്ന പേരു നല്‍കിയത്. ഐടോണ്സ്, സ്പോട്ടിഫൈ, ഗാന തുടങ്ങിയ ഓണ്‍ലൈന്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ‘വെറുതെ’ മ്യൂസിക് ലഭ്യമാണ്.
സംഗീത കുടുംബത്തില്‍ നിന്നു വരുന്ന സയ്ലൻ ചെറുപ്പം മുതല്ക്കേ പാട്ട് പ്രിയപ്പെട്ടതായിരുന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഡ്രമ്മറായിരുന്നു. കലാലയ കാലഘട്ടത്തില്‍ പാട്ട് എഴുതിത്തുടങ്ങി. പിന്നീട് എഴുതിയ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്ന് പാടിത്തുടങ്ങി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നല്കുന്ന പ്രോത്സാഹനവും ചെറുതല്ല.
Story highlights: Zylan Armani VERUTHE Official Music Video