അല്പം ബിസിയാണ്; 105- ആം വയസിലും കൃഷിയിൽ സജീവമായി ഒരു ‘അമ്മ
പ്രായത്തിന്റെ പരിമിതികൾ ഇല്ലാതെ 105- ആം വയസിലും കൃഷിയിൽ സജീവമാണ് പച്ചമ്മാൾ. വളരെ ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപെട്ട പച്ചമ്മാൾ, മുത്തശ്ശിയുടെ കൂടെയാണ് ജീവിച്ചിരുന്നത്. ചെറുപ്പം മുതലെ മുത്തശ്ശിക്കൊപ്പം കൃഷിയിടങ്ങളിൽ പോകുമായിരുന്ന പച്ചമ്മാൾ കൂടുതൽ സമയവും തന്റെ കൃഷിയിടത്തിലാണ് ചിലവിടുന്നത്. കച്ചവടം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കൃഷി ചെയ്യുകയാണ് ഈ ‘അമ്മ.
ഒന്നും രണ്ടുമല്ല പത്ത് ഏക്കർ സ്ഥലത്താണ് പച്ചമ്മാൾ കൃഷി ചെയ്തിരുന്നത്. വിവിധയിനത്തിൽപെട്ട ധാന്യങ്ങളും പയർ വർഗങ്ങളും മാത്രമല്ല പഴങ്ങളും പച്ചക്കറികളുമൊക്കെ പച്ചമ്മാളിന്റെ കൃഷിയിടത്തിൽ വളരുന്നുണ്ട്. എന്നാൽ പത്തേക്കറോളം സ്ഥലത്ത് തന്നെക്കൊണ്ട് കൃഷി നടത്താൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ കൃഷിയിടത്തിന്റെ കുറച്ച് ഭാഗങ്ങൾ ഇവർ വിറ്റു.
തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ചേർന്ന് കൃഷിയുടെ പാഠങ്ങൾ പഠിച്ച പച്ചമ്മാൾ ഇപ്പോൾ നിരവധിപേർക്ക് തന്റെ കൃഷി രീതിയെക്കുറിച്ചും മറ്റുമൊക്കെ പറഞ്ഞ് കൊടുക്കാറുണ്ട്. ആ ഗ്രാമത്തിന്റെ മുഴുവൻ പ്രിയപെട്ടവളാണ് പച്ചമ്മാൾ. വിവാഹ ചടങ്ങുകൾ ഉൾപ്പെടെ ഗ്രാമത്തിലെ ഓരോ വിശേഷങ്ങൾക്കും പച്ചമ്മാൾ ക്ഷണിക്കപ്പെടാറുണ്ട്. ഇവരുടെ 100 ആം പിറന്നാളിന് ഗ്രാമത്തിലെ മുഴുവൻ ആളുകളും എത്തിയിരുന്നു. പ്രായത്തിന്റെ എല്ലാ അവശതകളെയും മറന്ന് കൃഷിയിൽ സജീവമാകുന്ന പച്ചമ്മാൾ പുതു തലമുറയിൽപ്പെട്ടവർക്കും വലിയ പ്രചോദനമാണ്.
Story Highlights:105 year old grandma runs her farm