മലയാളികളുടെ സ്വകാര്യ അഹങ്കാരം ജയന്റെ ഓർമകളിൽ
മലയാള സിനിമയിലെ അതുല്യ പ്രതിഭ ജയൻ മരിച്ചിട്ട് ഇന്ന് നാൽപത് വർഷങ്ങൾ…കരുത്തിന്റെയും പുരുഷ സൗന്ദര്യത്തിന്റെയും പൂര്‍ണ്ണതയുമായി മലയാള സിനിമയിൽ എത്തി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ ജയൻ അഭിനയിച്ച ചിത്രങ്ങൾ എന്നും കേരളക്കരയെ ആവേശം കൊള്ളിച്ചിരുന്നു.
മലയാളത്തിലെ മറ്റൊരു നടനും പകരം വയ്ക്കാൻ കഴിയാത്ത ജയന്റെ ആക്ഷൻ ഹീറോയിസം മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് ഇന്ന് നീണ്ട നാല്പത് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. മലയാള സിനിമയ്ക്ക് തന്റേതായ ശൈലി സംഭാവന ചെയ്ത മികച്ച കലാകാരനായിരുന്നു ജയൻ. അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസ്സുകളിൽ ഇന്നും മരിക്കാതെ നിലനിൽക്കുകയാണ്… ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു അദ്ദേഹം അഭിനയിച്ചത്.
സ്വത സിദ്ധമായ ആക്ഷൻ വൈഭവം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ജയൻ ‘കോളിളക്കം’ എന്ന ചിത്രത്തിലെ സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്റർ അപടത്തിലാണ് മരണമടയുന്നത്. 1980 നവംബർ 16 ന് 41-ആം വയസ്സിൽ മരണമടയുമ്പോൾ 125 ചിത്രങ്ങളിൽ ജയൻ തന്റെ അഭിനയ വൈഭവവുമായി നിറഞ്ഞു നിന്നിരുന്നു.
മരിച്ചിട്ടും മലയാളികളുടെ മനസുകളിൽ ജീവിക്കുന്ന അതുല്യ പ്രതിഭയ്ക്ക് മലയാളികളുടെ പ്രണാമം.
Story Highlights: actor jayan 40th death anniversary