40 വർഷം മുമ്പുള്ള ചിത്രം; ആദ്യ സിനിമയുടെ ഓർമയിൽ പ്രിയതാരം
തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ ഇഷ്ടനായികമാരിൽ ഒരാളാണ് സുഹാസിനി. അഭിനയത്തിനപ്പുറം സംവിധാനത്തിലേക്കും ചുവടുറപ്പിച്ച താരത്തിന്റെ ആദ്യ ചിത്രത്തിന്റെ ഓർമകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിനിമ മേഖലയിലേക്ക് എത്തിയ താരത്തിന്റെ ആദ്യചിത്രം ‘നെഞ്ചത്തെ കിള്ളാതെ’ എന്നതാണ്. 40 വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സുഹാസിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
സിനിമ മേഖലയിൽ ക്യാമറ അസിസ്റ്റന്റായി രംഗപ്രവേശനം നടത്തിയ താരം അഭിനയ രംഗത്തേക്ക് ചുവടുവെച്ച ചിത്രമാണ് ‘നെഞ്ചത്തെ കിള്ളാതെ’. അതേസമയം ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് സുഹാസിനി മലയാള സിനിമ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായാണ് സുഹാസിനി വേഷമിട്ടത്. റഹ്മാന്റെ ആദ്യ ചിത്രവും ‘കൂടെവിടെ’യാണ്.
അതേസമയം സംവിധായിക എന്ന നിലയിലും ചുവടുറപ്പിച്ചു കഴിഞ്ഞു താരം. അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ‘പുത്തൻ പുതു കാലൈ’ എന്ന ആന്തോളജി ചിത്രത്തിലെ കോഫി എനിവൻ എന്ന ചിത്രം സുഹാസിനി ഒരുക്കിയതാണ്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
Read also:സഞ്ചാരികൾ നോക്കിനിൽക്കെ കൂറ്റൻ മലയിടിഞ്ഞ് കടലിലേക്ക്; അമ്പരന്ന് ദൃക്സാക്ഷികൾ
Story Highlights: Actress shares her debut film memories