‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം
ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ സൂരരൈ പോട്രു, നയന്‍ താര പ്രധാന കഥാപാത്രമായെത്തിയ മുക്കുത്തി അമ്മന്‍ എന്നീ രണ്ട് ചിത്രങ്ങളിലും വിസ്മയിപ്പിച്ചിരിക്കുകയാണ് ഉര്‍വശി.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഉര്‍വശിയുടെ ഒരു കുട്ടിക്കാല ചിത്രം. കതിര്‍മണ്ഡപം എന്ന ചിത്രത്തില്‍ കെ പി ഉമ്മറിനൊപ്പം നില്ക്കുന്ന കുഞ്ഞു ഉര്‍വശിയുടേതാണ് ഈ ചിത്രം. ഉര്‍വശിയുടെ സിനിമാ ജീവിതത്തിലെ രണ്ടാമത്തെ ചിത്രം കൂടിയാണ് കതിര്‍മണ്ഡപം. കെ.പി. പിള്ള സംവിധാനം ചെയ്ത് ചിത്രം 1979 ലാണ് പ്രേക്ഷകരിലേക്കെത്തിയത്. പ്രേം നസീര്‍, ജയഭാരതി, അടൂര്‍ ഭാസി, മധു, ശങ്കരാടി, മീന, ജോസ് പ്രകാശ്, കനകദുര്‍ഗ്ഗ, ശ്രീലത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
Read more: എസിപി സത്യജിത്തായി പൃഥ്വിരാജ്; പുതിയ ലുക്കും ശ്രദ്ധേയം
വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വശിയുടെ സിനിമാ പ്രവേശനം. 1986-ല്‍ തീയറ്റേറുകളിലെത്തിയ തൊടരും ഉറവ് എന്ന തമിഴ് ചിത്രത്തിലാണ് ഉര്‍വശി ആദ്യമായി നായികയായെത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങള്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും ഉര്‍വശി അതിന്റെ പരിപൂര്‍ണതയിലെത്തിക്കുന്നു.
Story highlights: Actress Urvashi Childhood Photo