‘എന്റളിയാ, നീ കൊലമാസാ’- ട്രെൻഡിങ്ങിൽ ഇടംനേടി ഒരു ‘ചളി സോങ്ങ്’
ലോക്ക് ഡൗൺ സമയത്ത് ബോറടി മാറ്റാനായി പല മാർഗങ്ങളും ആളുകൾ കണ്ടെത്തി. പാട്ടും നൃത്തവും പാചകവുമൊക്കെ ഇതിൽപ്പെടുന്നു. എന്നാൽ വീട്ടിലിരുന്ന് ആലോചിച്ച് കൂട്ടിയ ചളിയെല്ലാം ചേർത്ത് ഒരു റാപ് സോങ്ങായാലോ? യൂട്യൂബിൽ ഹിറ്റായ ചളി സോങ്ങിന്റെ പിറവി ഇങ്ങനെയാണ്.
സംഗീത സംവിധായകനും സൗണ്ട് പ്രോഗ്രാമറുമായ അജയ് ജോസഫാണ് തന്റെ പുത്തൻ ചളി സോങ്ങുമായെത്തി ട്രെൻഡ് ആകുന്നത്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് കൂട്ടുകാരോടൊപ്പം ചളിപറഞ്ഞ് ഒടുക്കം ആ ചളികളെല്ലാം കൂട്ടിവച്ച് ഒരു പാട്ടാക്കി മാറ്റി അജയ്. സഹോദരി അഞ്ജലി ജോസഫും അനിയൻ വിജയ് ജോസഫും ചേർന്നുള്ള പാലക്കുന്നേൽ ബ്രദേഴ്സാണ് പാട്ടിന്റെ വരികൾ എഴുതിയത്.
സുഹൃത്തായ അരുൺ പാട്ടിനൊരു ഗ്രാഫിക്സ് കൂടി ഒരുക്കിയപ്പോൾ ചളി സോങ്ങ് ഹിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുകയായിരുന്നു. മെയിൻ വോക്കൽസ് സംഗീതസംവിധായകനായ അജയ് തന്നെ പാടിയപ്പോൾ കോളജ് സുഹൃത്തുക്കളായ അനൂജും അജിത്തും സെബാസ്റ്റ്യനും കോറസ് പാടി. മിഥുൻ മനോജാണ് മിക്സ് ചെയ്തത്.
കണ്ണൂർ എടുർ സ്വദേശിയായ അജയ് ജോസഫ് കൊവിഡ് സമയത്ത് സ്റ്റുഡിയോ വീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വീട്ടിലിരുന്ന് വ്യത്യസ്തമായ ആശയങ്ങളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ‘എന്റെളിയാ നീ കൊലമാസാ, ഒരു വമ്പൻ സംഭവമാ’ എന്ന ആദ്യ വരികൾ മനസിലേക്ക് എത്തിയത്. പിന്നീട് പരിചയമുള്ള ചളി ഡയലോഗുകൾ ചേർത്ത് ഒരു ഗംഭീര ആൽബവും തയ്യാറാക്കി.
പൂഴിക്കടകൻ എന്ന സിനിമയ്ക്ക് സംഗീതം ഒരുക്കിയ അജയ് ഇപ്പോൾ ഒരു കന്നഡ സനിമയ്ക്ക് പാട്ടൊരുക്കുന്ന തിരക്കിലാണ്. ലൂസിഫർ സിനിമയിലടക്കം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കിയ ടീമിൽ അംഗവുമായിരുന്നു അജയ് ജോസഫ്.
Story highlights- ajay Joseph chali song