വര്‍ഷങ്ങള്‍ക്കിപ്പുറം ‘കോളിളക്ക’ത്തിലെ മഹാരഹസ്യം വെളിപ്പെടുത്തി ആലപ്പി അഷറഫ്
അനശ്വര നടന് ജയന് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എങ്കിലും ചലച്ചിത്രലോകത്തു നിന്നും വിട്ടകന്നിട്ടില്ല ആ മഹാപ്രതിഭയുടെ ഓര്‍മ്മകള്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ജയനെക്കുറിച്ച് സംവിധായകന് ആലപ്പി അഷറഫ് പങ്കുവെച്ച കുറിപ്പ്.
കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ജയന്റെ മരണം. അതും സിനിമയുടെ ഡബ്ബിങ് അടക്കമുള്ള കാര്യങ്ങള്‍ തീരുന്നതിന് മുന്നേ. ആലപ്പി അഷറഫാണ് കോളിളക്കം എന്ന ചിത്രത്തില്‍ ജയന് ശബ്ദം നല്‍കിയത്. ആ അനുഭവമാണ് ആലപ്പി അഷറഫ് പങ്കുവെച്ചത്.
കുറിപ്പ് ഇങ്ങനെ
1980 നവംബര്‍ 16, വിശ്വസിക്കാനാകാതെയും ആശ്വസിപ്പിക്കാനാകാതെയും മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി… ജയന്.
മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിന്റെ ജ്വലിക്കുന്ന മുഖം. ഒരു പക്ഷേ കോളിളക്കം ഉള്‍പ്പടെയുള്ള പടത്തില്‍ ജയന്റെ ശബ്ദം എന്റേതാണെന്നറിഞ്ഞിരുന്നെങ്കില്, തീര്‍ച്ചയായും അത് കളക്ഷനെ കാര്യമായ് ബാധിച്ചേനേ,
ജനങ്ങള്‍ മുന്‍വിധിയോടെ പടം കാണും. ജയന് കൊള്ളാം, ശബ്ദം വേറെയാളാണ് എന്ന പ്രചരണം ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തെ ബാധിച്ചേനേ. ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം.
‘വെളിയില്‍ പറയരുത് ‘. എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു. കോളിളക്കവും, ആക്രമണവും, അറിയപ്പെടാത്ത രഹസ്യവ്യും, മനുഷ്യമൃഗവും.. അങ്ങിനെ ആ അണയാത്ത ദീപത്തിന് എന്റെ ശബ്ദത്തിലൂടെ ജീവന് നല്കാന് എനിക്ക് കിട്ടിയ അവസരങ്ങള്‍… അതൊരു മഹാഭാഗ്യമായ് ഞാന്‍ ഇന്നും കരുതുന്നു…
ആലപ്പി അഷറഫ്
Story highlights: Alleppey Ashraf About Jayan