‘മേപ്പടിയാനി’ൽ ഉണ്ണി മുകുന്ദന്റെ നായികയായി അഞ്ചു കുര്യൻ

വിഷ്ണു മോഹൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി നടി അഞ്ജു കുര്യൻ. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ അഞ്ചു കുര്യനും ചേർന്നു. ലോക്ക് ഡൗണിന് ശേഷം അഞ്ചു കുര്യൻ അഭിനയിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. ഷൂട്ടിംഗ് നിർത്തിവെച്ച വേളയിൽ ചില കൊവിഡ് പ്രതിരോധ പരസ്യങ്ങളുടെയും ഫോട്ടോഷൂട്ടുകളുടെയും ഭാഗമായിരുന്നു നടി. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ ജാക്ക് ആൻഡ് ഡാനിയേലാണ് ദിലീപിനും അർജുൻ സർജയ്ക്കും ഒപ്പം പ്രധാന വേഷത്തിൽ അഞ്ചു കുര്യനും അഭിനയിച്ചത്.
ഒരു കുടുംബ ചിത്രമായി ഒരുങ്ങുന്ന മേപ്പടിയാൻ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ്. ഉണ്ണി മുകുന്ദൻ, ജയകൃഷ്ണൻ എന്ന സാധാരണക്കാരന്റെവേഷത്തിലാണ് എത്തുന്നത്.ഉണ്ണി മുകുന്ദനും അഞ്ചു കുര്യനും പുറമെ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, അപർണ ജനാർദ്ദനൻ, മേജർ രവി എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കൾ മേപ്പടിയാനിൽ വേഷമിടുന്നുണ്ട്.
Read More: പഠിക്കാൻ പണം വേണ്ട, പകരം തേങ്ങയും മുരിങ്ങയിലയും മതി- വ്യത്യസ്ത ആശയവുമായി ഒരു കോളേജ്
ചിത്രത്തിന് സംഗീതം പകരുന്നത് രാഹുൽ സുബ്രഹ്മണ്യനാണ്. ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നീൽ ഡി കുൻഹ ഛായാഗ്രഹണവും നിർവഹിക്കുന്നു. വിപിൻ കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജർ. ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളുൾപ്പെടെ 48 ലൊക്കേഷനുകളിലായി മേപ്പടിയാൻ ചിത്രീകരിക്കും. അടുത്ത വർഷം സിനിമയുടെ തിയറ്റർ റിലീസ് ലക്ഷ്യമിടുകയാണ് ഉണ്ണി മുകുന്ദൻ.
Story highlights- Anju Kurian joins Unni Mukundan’s Meppadiyan