അനുപമ പരമേശ്വരൻ നായികയാകുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു; ‘ഫ്രീഡം@ മിഡ്നൈറ്റ്’

പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ആദ്യ ചിത്രത്തിന് ശേഷം മറ്റുഭാഷകളിലാണ് അനുപമ സജീവമായത്. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ, കൂടുതൽ ചിത്രങ്ങളുമായി സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി.
‘ഫ്രീഡം@ മിഡ്നൈറ്റ്’ എന്ന ഹ്രസ്വ ചിത്രത്തിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. ആർ ജെ ഷാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘ഫ്രീഡം@ മിഡ്നൈറ്റ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനുപമ പങ്കുവെച്ചു.
അഖില മിഥുൻ ആണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം, തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്.
അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്.
മണിയറയിലെ അശോകനിലാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ അനുപമ അഭിനയിച്ചത്. പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങിയ ചിത്രമായിരുന്നു മണിയറയിലെ അശോകൻ. നവാഗതനായ ഷംസു സൈബ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിൽ ശ്യാമ എന്ന കഥാപാത്രമായാണ് അനുപമ എത്തിയത്. അനു സിത്താര, നസ്രിയ, ശ്രിത ശിവദാസ് എന്നിവരും അനുപമയ്ക്കൊപ്പം ചിത്രത്തിൽ വേഷമിട്ടിരുന്നു.
Story highlights- anupama paramewswarans short film