വേഷപ്പകര്‍ച്ചയില്‍ അതിശയിപ്പിച്ച് അക്ഷയ് കുമാര്‍; ശ്രദ്ധേയമായി ‘ബാം ബോലെ’ ഗാനം

Bam Bholle video song from Laxmii

അക്ഷയ് കുമാര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ലക്ഷ്മി. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഗാനം. ബാം ബോലെ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വേഷപ്പകര്‍ച്ചയില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് അക്ഷയ് കുമാര്‍ ഗാനരംഗത്ത് കാഴ്ചവയ്ക്കുന്നത്.

കിയാര അദ്വാനി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ചിത്രത്തിന്റെ റിലീസ്. നവംബര്‍ 9 മുതല്‍ ലക്ഷ്മി പ്രേക്ഷകരിലേക്കെത്തും.

അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. അതിശയിപ്പിക്കുന്ന തരത്തിലുള്ള അക്ഷയ് കുമാറിന്റെ അഭിനയ മികവ് തന്നെയാണ് ട്രെയ്‌ലറിലെ പ്രധാന ആകര്‍ഷണം. സിനമാ ആസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ചതും.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്ക് ആണ് ലക്ഷ്മി. രാഘവ ലോറന്‍സ് ആണ് കാഞ്ചന എന്ന ചിത്രം സംവിധാനം ചെയ്തതും ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും. ഹിന്ദിയില്‍ അക്ഷയ് കുമാര്‍ നായകനാകുമ്പോള്‍ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് രാഘവ ലോറന്‍സ് തന്നെയാണ്.

Read more: പാളം തെറ്റിയ മെട്രോ ട്രെയിന് രക്ഷയായ ‘തിമിംഗലത്തിന്റെ വാല്‍’

കാഞ്ചന എന്ന ചിത്രം മികച്ച ബോക്‌സ് ഓഫീസ് കളക്ഷനും നേടിയിരുന്നു. ഏഴ് കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചെലവ്. 2007-ല്‍ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ മുനി 2 ന്റെ മറ്റൊരു പേരാണ് കാഞ്ചന. ശരത് കുമാര്‍, ലക്ഷ്മി റായ്, കോവൈ സരള, ദേവദര്‍ശിനി തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി.

Story highlights: Bam Bholle video song from Laxmii