അറിയണം ‘ബൈക്ക് ആംബുലന്‍സ് ദാദ’ എന്ന മനുഷ്യ സ്നേഹിയുടെ കഥ
വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1995-ല്‍ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ താമസിക്കുന്ന കരിമുല്‍ ഹക്ക് എന്നയാള്‍ക്ക് സ്വന്തം അമ്മയുടെ മരണം നോക്കി നില്‍ക്കേണ്ടി വന്നു. അതും പണമില്ലാത്തതിന്റെ പേരില്‍. അര്‍ധരാത്രിയില്‍ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായപ്പോള്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാതെ ആ മകന് വീര്‍പ്പുമുട്ടി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്ന തേയില തോട്ടത്തില്‍ വെച്ച് കരിമുല്‍ ഹക്കിന്റെ ഒരു സഹപ്രവര്‍ത്തകനും പെട്ടെന്ന് രോഗബാധിതനായി. എന്നാല്‍ അന്ന് കരിമുല്‍ ഹക്ക് പെട്ടെന്നൊരു ബൈക്കില്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഒരു ജീവന് രക്ഷിക്കാനായതില്‍ കരിമുല്‍ ഹക്ക് സന്തോഷിച്ചു.
പിന്നീട് അദ്ദേഹം പലരേയും ആശുപത്രിയിലെത്തിച്ചു തുടങ്ങി. അതും സൈക്കിളിലോ ബൈക്കിലോ ഒക്കെയായി. പണമില്ലാതെ വിഷമിക്കുന്ന രോഗികള്‍ക്കായി ബൈക്ക് ആംബുലന്‍സ് സേവനം ഉറപ്പുവരുത്തുകയാണ് കരിമുല്‍ ഹക്ക്. ബൈക്ക് ആംബുലന്‍സ് ദാദ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് പോലും.
Read more: അന്നും ഇന്നും ഒരുപോലെ- തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായിക ലൈല
കരിമുല്‍ ഹക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് 2016-ല്‍ ബജാജ് സൈഡ് കാറുള്ള ഒരു ബൈക്ക് അദ്ദേഹത്തിന് സമ്മാനമായി നല്കി. ഇതിന് പുറമെ മറ്റ് രണ്ട് ആംബുലന്‍സുകളും ഇന്ന് ഇദ്ദേഹത്തിനുണ്ട്. പാവപ്പെട്ട രോഗികളെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുന്നതിനു പുറമെ ആയിരത്തോളം പേര്‍ക്ക് കൃത്യമായി ഭക്ഷ്യവസ്തുക്കളും 200-ലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അദ്ദേഹം നല്കുന്നു. കരിമുല്‍ ഹക്കിന്റെ മഹനീയ സേവനത്തിന് 2017-ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിക്കുകയും ചെയ്തു.
Story highlights: bike ambulance dada Karimul Haque