കെ എല്‍ വി ‘2255’; ആറാട്ടിലെ മോഹന്‍ലാലിന്റെ വാഹനവും ശ്രദ്ധ നേടുന്നു
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണിഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ചിത്രീകരണത്തോട് അനുബന്ധിച്ചുള്ള ചില ചിത്രങ്ങളാണ്.
നെയ്യാറ്റിന്‍കര ഗോപന് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. അതേസമയം മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന് എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മ്മപ്പെടുത്തുന്നു. കെ എല്‍ വി 2255 എന്നാണ് താരം ചിത്രത്തില്‍ ഉപോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍.
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. പാലക്കാടും ഹൈദരബാദുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.
Story highlights: Car in Mohanlal and B Unnikrishnan film Arattu