ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ ഫൈനലില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍ ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനെ പരാജയപ്പെടുത്തിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിലെത്തിയത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരബാദിന് ഈ വിജയലക്ഷ്യം മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ഹൈദരബാദ് നേടിയത്. 17 റണ്‍സിന് വിജയം നേടി ഫൈനലിലെത്തി ഡല്‍ഹി.
അര്‍ധ സെഞ്ചുറി പിന്നിട്ട ശിഖര്‍ ധവാന്റെ ഇന്നിങ്സാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ശിഖര്‍ ധവാനും മാര്‍ക്കസ് സ്റ്റൊയിനിസും ചേര്‍ന്ന് മികച്ച തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. നായകന് ശ്രേയസ് അയ്യരും ശിഖര്‍ ധവാന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. അമ്പത് പന്തില്‍ നിന്നുമായി ആറ് ഫോറും രണ്ട് സിക്സും അടക്കം 78 റണ്‍സ് അടിച്ചെടുത്താണ് ശിഖര്‍ ധവാന് ക്രീസ് വിട്ടത്.
Story highlights: DC won by 17 Runs against SRH



