രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിയുടെ ഇക്കാലത്ത് രോഗപ്രതിരോധ ശേഷി എന്ന വാക്ക് നാം പലപ്പോഴായി കേട്ടിട്ടുണ്ട്. രോഗ പ്രതിരോധശേഷി കുറവുള്ളവരിലാണ് കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓരോരുത്തരിലും വ്യത്യസ്തമാണ് രോഗ പ്രതിരോധശേഷി. അതുകൊണ്ടുതന്നെ രോഗ പ്രതിരോധശേഷി ഒറ്റദിവസം കൊണ്ട് മെച്ചപ്പെടുത്തി എടുക്കാന്‍ സാധിക്കുന്ന ഒന്നുമല്ല. പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ശീലമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ ഒരു പരിധി വരെ സഹായിക്കുന്നു. സിങ്ക് അടങ്ങിയ നിരവധി ഭക്ഷണങ്ങളുണ്ട്. അതിലൊന്നാണ് മുട്ട. ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന മുട്ട കഴിക്കുന്നത് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
കടല, പയര്‍, ബീന്‍സ് തുടങ്ങിയ പയറു വര്‍ഗങ്ങളിലും സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. കശുവണ്ടിപരിപ്പിലും സിങ്ക് അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും ചെറുപ്പം മുതല്ക്കേ അല്പം നട്സ് കൊടുത്ത് ശീലിപ്പിക്കുന്നത് അവരുടെ രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറിയിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ചിക്കനിലും സിങ്ക് അടങ്ങിയിരിക്കുന്നു. ചിക്കന്‍ സൂപ്പ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
Story highlights: Food with Zinc for Immunity