മുഖകാന്തി വർധിപ്പിക്കാൻ ചില നാടൻ പൊടികൈകൾ
വീടുകളിൽ സുലഭമായി ലഭിക്കുന്ന പല വസ്തുക്കളും ചർമ്മ സംരക്ഷണത്തിന് അത്യുത്തമമാണ്. മുഖമാണ് മനസിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. അതുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും നമ്മെ അസ്വസ്ഥരാക്കും. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് എന്നിവയാണ് ഇതിൽ പ്രധാനം, മുഖത്തെ രോമവളര്‍ച്ച ചുണ്ടുകളിലെ വിണ്ടു കീറലുകളും വരൾച്ചയുമൊക്കെ, പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭിക്കുന്ന പല ചർമ്മ സംരക്ഷണ വസ്തുക്കളിലും രാസ പദാർത്ഥങ്ങളുടെ അളവ് വളരെയധികമാണ്. ഇത് ചർമ്മത്തിന് ദോഷം ചെയ്യും.
ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡ്സുകൾ രൂപപ്പെടുന്നത്. ഇത് പ്രധാനമായും മൂക്കിന് ചുറ്റുമാണ് കാണപെടുന്നത്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം പാടുകള്‍ ചര്‍മ്മകാന്തി നഷ്ടപ്പെടുത്തുന്നു. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ നോക്കാം..
പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്താല്‍ മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാൻ സാധിക്കും. രോമവളര്‍ച്ച കുറയ്ക്കാനും ഇത് ഉത്തമമാണ്.
നാരങ്ങാനീരും തേനും ചേർത്ത മിശ്രിതമുപയോഗിച്ച് മുഖം മസാജ് ചെയ്താൽ ഒരുപരിധിവരെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ നാരങ്ങാനീരും വെള്ളരിക്ക ജ്യൂസും ചേർത്ത മിശ്രിതവും മുഖത്ത് അല്പസമയം തേച്ചുപിടിപ്പിക്കുന്നത് മുഖകാന്തി വർധിപ്പിക്കും. ശേഷം കോട്ടൺ ഉപയോഗിച്ച് ഈ മിശ്രിതം മുഖത്ത് നിന്നും തുടച്ചുമാറ്റാം. കറ്റാർവാഴ ജെൽ മുഖത്ത് തേയ്ച്ച് പിടിപ്പിക്കുന്നതും ബ്ലാക്ക് ഹെഡ്സ് മാറ്റാൻ നല്ലൊരു മാർഗമാണ്. ഐസ് ക്യൂബ് മസാജും ഇതിന് ഉത്തമപരിഹാരമാണ്. രാത്രി ഇറങ്ങുന്നതിനുമുമ്പ് മൂക്കിന് ചുറ്റിനും ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുക.
Story Highlights: homemade beauty tips for glowing face