എങ്ങോട്ട് തിരിഞ്ഞാലും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; അത്ഭുതമായി ഒരു ബിൽഡിങ്
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വ്യാപാര പ്രദേശങ്ങളിലൊന്നാണ് ഹോങ്കോങ്. എവിടെ നോക്കിയാലും ആകാശം മുട്ടുന്ന ഗോപുരങ്ങളാണ് ഇവിടെ കാണാനുള്ളത്. ഹോങ്കോങ്ങിലെ മനോഹരമായ കെട്ടിടങ്ങൾക്കിടയിൽ ഏറെ ആകർഷണീയമായ ഒന്നാണ് അതിനിടയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മോൺസ്റ്റർ ബിൽഡിങ്. ഹോങ്കോങ്ങിലെ ക്വാറി ബെയിലെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ് മോൺസ്റ്റർ ബിൽഡിങ്.
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ഇ’ യുടെ ആകൃതിയിലാണ് മോൺസ്റ്റർ ബിൽഡിങ് നിൽക്കുന്നത്. ഓഷ്യാനിക് മാൻഷൻ, ഫൂക്ക് ചിയോങ് മൊണ്ടെയ്ൻ മാൻഷൻ, യിക് ചിയോങ്, യിക്ക് ഫാറ്റ് എന്നിങ്ങനെയാണ് ഈ കെട്ടിടങ്ങളുടെ പേരുകൾ. കിഴക്കൻ ഹോങ്കോങ്ങിലെ ജനസാന്ദ്രത കൂടിയ പ്രദേശമായ ഇവിടെ, ജനസംഖ്യ വർധനവിന്റെ കാലത്ത് താഴ്ന്ന വരുമാനക്കാർക്ക് സബ്സിഡി നിരക്കുകളിൽ താമസിക്കാൻ സൗകര്യങ്ങൾ നൽകുന്നതിനായി അന്നത്തെ സർക്കാർ പണികഴിപ്പിച്ചവയാണ് ഈ കെട്ടിടങ്ങൾ. ഈ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്, താഴത്തെ നിലകൾ കച്ചവട കേന്ദ്രങ്ങളായും ഉപയോഗിച്ച് വരുന്നു.
Read also: 40 വർഷം മുമ്പുള്ള ചിത്രം; ആദ്യ സിനിമയുടെ ഓർമയിൽ പ്രിയതാരം
നിരവധി സിനിമകൾ അടക്കമുള്ളവയ്ക്കും ഈ ബിൽഡിങ് പശ്ചാത്തലമായിട്ടുണ്ട്. ഒപ്പം ഈ കെട്ടിടത്തിന്റെ ഭാഗങ്ങൾ ക്യാമറയിൽ പകർത്താനും ഈ കെട്ടിടത്തിന്റെ നിർമിതി ആസ്വദിക്കാനുമൊക്കെയായി ഇവിടേക്ക് നിരവധി വിനോദ സഞ്ചാരികളും എത്തുന്നുണ്ട്.
Story Highlights: Hong Kong Monster Building