ഒരു ദിവസം 150 വരെ ഭക്ഷണപൊതികൾ; താരമാണ് കൊറോണക്കാലത്ത് ഓസ്ട്രേലിയയുടെ വിശപ്പകറ്റിയ ഈ ഇന്ത്യക്കാരൻ
ലോകത്തെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ പകർച്ചവ്യാധി… ലോക്ക് ഡൗണും, നിയന്ത്രണങ്ങളും ആശ്വാസത്തിനും ദുരിതത്തിനും കാരണമായ നിമിഷങ്ങൾ.. ഉറ്റവരെ നഷ്ടപ്പെട്ടവരും, അടുത്തിരിന്നിട്ടും അകന്ന് ജീവിക്കേണ്ടി വന്നവരും, പട്ടിണിയും ഒറ്റപ്പെടലും അടക്കം നിരവധിയാണ് കൊറോണക്കാലത്തെ ദുരിതങ്ങൾ. ഇക്കാലഘത്തിൽ ഓസ്ട്രേലിയയുടെ വിശപ്പകറ്റിയ ഒരു ഇന്ത്യൻ വംശജനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഡൽഹി സ്വദേശിയായ ശ്രീവാസ്തവ് വർഷങ്ങളായി ഓസ്ട്രേലിയയിലെ മെൽബണിൽ കുടുംബത്തിനൊപ്പം താമസമാണ്. കൊറോണക്കാലത്ത് ജോലിയും പണവും ഇല്ലാതെ ദുരിതമനുഭവിച്ച നൂറു കണക്കിന് ആളുകൾക്കാണ് ശ്രീവാസ്തവ് രക്ഷകനായത്. കുടുംബത്തിനൊപ്പം സ്വയം പാകം ചെയ്ത ഭക്ഷണമാണ് ശ്രീവാസ്തവ് ദിവസവും ആളുകൾക്ക് നൽകിയിരുന്നത്. 150 ഭക്ഷണ പൊതികൾ വരെയാണ് ഓരോ ദിവസവും ശ്രീവാസ്തവ് നൽകിയത്. പാകം ചെയ്ത ഭക്ഷണവുമായി സ്വന്തം വാഹനത്തിലാണ്, ശ്രീവാസ്തവും കുടുംബവും സുഹൃത്തുക്കൾക്കൊപ്പം ആവശ്യക്കാർക്ക് എത്തിച്ചു നൽകിയത്.
ഓസ്ട്രേലിയയിൽ ഷെഫായി ജോലി നോക്കുകയാണ് ശ്രീവാസ്തവ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞ് നിരവധി സുമനസുകളും അദ്ദേഹത്തിനൊപ്പം ഭക്ഷണം പാകം ചെയ്യാനും, വിതരണം ചെയ്യാനുമൊക്കെ സഹായത്തിനായെത്തി. ഭക്ഷണപ്പൊതികൾക്ക് ആവശ്യക്കാർ കൂടി വന്നതോടെ എല്ലാവർക്കും ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുക എന്നത് ശ്രീവാസ്തവീന് ബുദ്ധിമുട്ടായി വന്നു. ഇതോടെ ഒരു ഫണ്ട് റെയ്സിങ്ങും അദ്ദേഹം ആരംഭിച്ചു. ഇതിലൂടെ സഹായഹസ്തവുമായി നിരവധിപ്പേർ എത്തിയതോടെ ഭക്ഷണപ്പൊതികൾ ആവശ്യക്കാർക്ക് കൃത്യമായി എത്തിക്കാൻ ശ്രീവാസ്തവിന് കഴിയുന്നുണ്ട്.
Story Highlights: indian chef feeding needy during coronavirus pandemic