ഡൽഹിയ്ക്ക് ആറ് വിക്കറ്റ് വിജയം; ഫൈനൽ പോരാട്ടങ്ങളിലേക്ക് യോഗ്യതനേടി അയ്യരും കൂട്ടരും
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. ഡൽഹിയ്ക്ക് വേണ്ടി അജിങ്ക്യ രഹാനെയും ശിഖർ ധവാനും അർധ സെഞ്ച്വറി നേടി. ഒരു ഓവർ ബാക്കി നിൽക്കെയാണ് ഡൽഹി ലക്ഷ്യം മറികടന്നത്. താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന ഡൽഹിയ്ക്ക് തുടക്കത്തിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച രഹാനെയും ശിഖർ ധവാനും ഡൽഹിയ്ക്ക് വേണ്ടി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി.
41 പന്തിൽ നിന്നും ആറു ബൗണ്ടറികൾ ഉൾപ്പെടെ 54 റൺസ് ശിഖർ ധവാൻ നേടിയപ്പോൾ 46 പന്തിൽ നിന്നും 60 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം. വിജയത്തോടെ 16 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. നിലവിൽ 14 പോയിന്റുമായി ബാംഗ്ലൂർ മൂന്നമതാണെങ്കിലും വിരാടിന്റെയും ടീമിന്റെയും പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ മങ്ങിയിരിക്കുകയാണ്. നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ്- സൺ റൈസേഴ്സ് ഹൈദരാബാദ് മത്സര ഫലമാണ് പ്ലേ ഓഫിലേക്ക് കടക്കുന്ന ടീമുകളിൽ നിർണായകമാകുന്നത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 152 റൺസ് നേടി. പതിഞ്ഞ തുടക്കത്തോടെയാണ് ആർസിബി മത്സരം ആരംഭിച്ചത്. അഞ്ചാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. റബാദയുടെ പന്തില്‍ പൃഥ്വി ഷാ ക്യാച്ചെടുത്തതോടെ 12 റൺസുമായി ജോഷ് ഫിലിപ്പി പവലിയനിലേക്ക് മടങ്ങി. 41 പന്തിൽ നിന്നും 50 റൺസ് നേടി ദേവദത്ത് പടിക്കലാണ് ടീമിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 24 പന്തിൽ നിന്നും 29 റൺസ് നേടി വീരാട് കോലിയും 21 പന്തിൽ നിന്നും 35 റൺസ് നേടി എബി ഡിവില്ലിയേഴ്സും 11 പന്തിൽ നിന്നും 17 റൺസ് നേടി ശിവം ദുബെയും ടീമിന് പിന്തുണ നൽകി.
Story HIghlights: Ipl 2020 dc won by 6 wickets