തകർത്തടിച്ച് മുംബൈ; ഇഷൻ കിഷനും സൂര്യകുമാർ യാദവിനും അർധ സെഞ്ച്വറി
ആദ്യ ക്വാളിഫയറിൽ മുംബൈയ്ക്ക് ഡൽഹിക്കെതിരെ കൂറ്റൻ സ്കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 200 റൺസ് നേടി. മുംബൈയ്ക്ക് വേണ്ടി ഇഷൻ കിഷനും സൂര്യകുമാർ യാദവും അർധ സെഞ്ച്വറി നേടി. ഡീ കോക്കിന്റെ തകർപ്പൻ തുടക്കവും ഹർദിക് പാണ്ഡ്യയുടെ അവസാന നിമിഷത്തിലെ ആളിക്കത്തലും മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു.
ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ പുറത്തായെങ്കിലും തകർപ്പൻ പ്രകടനവുമായി ക്വിന്റൻ ഡി കോക്ക് മുംബൈയുടെ സ്കോർ ബോർഡിന് ജീവൻ നൽകി. 20 ബോളിൽ നിന്നും അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 40 റൺസാണ് ഡീകോക്ക് അടിച്ചെടുത്തത്. 38 ബോളിൽ നിന്നും രണ്ട് സിക്സും ആറു ഫോറുമായി 51 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് മടങ്ങിയത്. തുടർന്നെത്തിയ പൊള്ളാർഡിനെ റൺസ് എടുക്കാൻ കഴിയും മുൻപേ അശ്വിൻ പവലിയനിലേക്ക് തിരിച്ചയച്ചു. അവസാന ഓവറുകളിൽ മുംബൈക്ക് വേണ്ടി ഇഷൻ കിഷനും ഹർദിക് പാണ്ഡ്യയും തകർത്തടിച്ചു. ഇഷൻ കിഷൻ 30 ബോളിൽ നിന്നും ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 55 റൺസ് നേടി. ഹർദിക് പാണ്ഡ്യ അഞ്ച് സിക്സറുകൾ ഗ്യാലറിയിലേക്ക് പായിച്ച് 37 റൺസ് നേടി. ഡൽഹിയ്ക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റും സ്റ്റോയിൻസ്, നോർജെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടത്തിന് യോഗ്യത ഉറപ്പിക്കാൻ ഈ സീസണിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ നേർക്കുനേർ എത്തുമ്പോൾ വിജയം ആർക്കൊപ്പം എന്നറിയാനുള്ള ആകാംഷയിലാണ് കായികലോകം. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതായ മുംബൈ കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ്, എന്നാൽ ആദ്യ ഫൈനൽ ലക്ഷ്യമിട്ടാണ് ഡൽഹി ക്യാപിറ്റൽസ്. ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് കടക്കുമ്പോൾ തോൽക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിൽ ഒരവസരംകൂടി ലഭിക്കും.
Story Highlights: ipl qualifier-1 mumbai indians vs delhi capitals