പകൽ ഉറങ്ങുന്ന ശീലമുള്ളവർ അറിയാൻ …

November 7, 2020

എപ്പോഴും ഉർജ്ജസ്വലതയോടെ ഇരിക്കാൻ ഏറ്റവും അനിവാര്യമായ ഒന്നാണ് ഉറക്കം. ദിവസവും ഏഴുമണിക്കൂർ ആറു മിനിറ്റ് സമയത്തെ ഉറക്കം ലഭിക്കുന്നവർ ജീവിതത്തിൽ ‘പെർഫെക്ട്‌ലി ഹാപ്പി’ ആയിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യവും ഉറക്കവും തമ്മിൽ വലിയ ബന്ധമാണുള്ളത്. എന്നാൽ ഉറക്കം അമിതമായാലും പ്രശ്നമാണ്. പകൽ സമയത്ത് പ്രത്യേകിച്ച് ജോലി സമയത്ത് ഉറക്കം വരുന്നവരാണ് നമ്മളിൽ പലരും. ഇതിന് കാരണമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? നമ്മുടെ ജീവിത ശൈലി തന്നെയാണ് ഇതിന് കരണമാകുന്നത്.

സ്ത്രീകളെ  അപേക്ഷിച്ച് പുരുഷന്മാരിലാണ് പകൽ ഉറക്കം കൂടുതലായി വരാറുള്ളത്. എണ്ണപലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ജങ്ക് ഫുഡ് എന്നിവ കൂടുതലായി കഴിക്കുന്നത് പലപ്പോഴും പകൽ ഉറക്കം വരുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരക്കാർക്ക് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും, രാത്രി വേണ്ടത്ര ഉറക്കം ലഭിക്കാറില്ലെന്നും പഠനങ്ങളിൽ തെളിയുന്നുണ്ട്.

അതിന് പുറമെ അമിത ഭാരം, പ്രമേഹം, രക്തസമ്മർദം, പോലുള്ള രോഗങ്ങൾ കണ്ടുവരാനുമുളള സാധ്യതകൾ ഏറെയാണ്.. അതുപോലെതന്നെ പ്രായവും ഉറക്കത്തിന് കാരണമാകാറുണ്ട്. 25 വയസിൽ താഴെ പ്രായമുള്ളവർക്ക് പലപ്പോഴും ഉറക്കത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകാറില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ രാത്രി വളരെ വൈകി കിടക്കുന്നതും പകൽ സമയത്ത് ഉറക്കം വരാൻ കാരണമാകാറുണ്ട്.

രാത്രിയിൽ ഉറങ്ങുന്ന സമയത്ത് വായ അടച്ച് വേണം ഉറങ്ങാന്‍. ഇത് മികച്ച ഉറക്കം നല്‍കാന്‍ സഹായിക്കും..യോഗയുടെ ഭാഗമായുള്ള നാഡിശ്വസന രീതി പിന്തുടരുന്നത് ശരീരത്തിന് നല്ലതാണ്. ഇതും മികച്ച രീതിയിലുള്ള ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.

ഉറക്കം കുറയുന്നത് കൗമാരക്കാർക്കിടയിൽ വിഷാദരോഗം ഉണ്ടാകുന്നതിനും തടി കൂടുന്നതിനും കാരണമാകുമെന്നാണ് കണ്ടെത്തൽ. കൗമാരക്കാർ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ദർ പറയുന്നത്. മസ്തിഷ്‌കം വളരുന്ന പ്രായമാണ് കൗമാരം. ആ സമയത്താണ് രോഗ പ്രതിരോഗ ശേഷി വർധിക്കുന്നത്. നല്ല ഉറക്കം ഓർമ്മ ശക്തി വർധിപ്പിക്കാനും സഹായിക്കും. മെലറ്റോണിൻ  എന്ന ഹോർമോൺ രാത്രിയിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കൗമാരക്കാരിൽ ഇതര  പ്രായക്കാരേക്കാളും വൈകിയാണ് ഉത്പാദിപ്പിക്കാറുള്ളത്. അതുകൊണ്ടുതന്നെ നല്ല ഉറക്കം ഒരു കൗമാരക്കാരന് വളരെ അത്യാവശ്യമാണ്.

Story Highlights: Is sleeping during daytime good or bad