വൃക്കരോഗമുള്ളവര്‍ക്ക് വേണം ആരോഗ്യകരമായ ഡയറ്റ്
ശരീരത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അവയവമാണ് വൃക്കകള്‍. പലതരത്തില്‍ മനുഷ്യ ശരീരത്തിലെത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മ്മം. എന്നാല്‍ മാറി വരുന്ന ജീവിതശൈലികള്‍ പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ കാര്യമായിതന്നെ ബാധിക്കാറുണ്ട്. വൃക്ക രോഗങ്ങളും വര്‍ധിച്ചു വരികയാണ്.
പലവിധ രോഗങ്ങളും ഇന്ന് വൃക്കകളെ ബാധിക്കാറുണ്ടെന്നതാണ് വാസ്തവം. കിഡ്നി സ്റ്റോണ്‍ ആണ് ഇത്തരം രോഗങ്ങളില്‍ പ്രധാനം. ചൂടുകാലത്ത് കിഡ്നി സ്റ്റോണ്‍ വ്യാപകമായി കണ്ടുവരാറുണ്ട്. ഇക്കാലത്ത് കിഡ്നി സ്റ്റോണിന്റെ കാഠിന്യം ഇരട്ടിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വൃക്ക രോഗത്തിന്റെ തോത് അനുസരിച്ച് ഭക്ഷണ ക്രമത്തിലും മാറ്റം വരുത്തുന്നത് നല്ലതാണ്. കിഡ്നി ഫ്രണ്ട്ലി ഡയറ്റ് ശീലമാക്കുന്നതാണ് നല്ലത്. വൃക്ക രോഗമുള്ളവര്‍ ശീലമാക്കേണ്ട ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെടാം.
1- ചുവപ്പു മുന്തിരി: വൃക്ക രോഗമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചുവപ്പ് മുന്തിരി. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും ചുവപ്പു മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ പ്രതിരോധിക്കാനും ചുവപ്പു മുന്തിരി നല്ലതാണ്.
2- മുട്ടയുടെ വെള്ള: വൃക്ക രോഗികള്‍ പലപ്പോഴും മുട്ട കഴിക്കാന്‍ ഭയപ്പെടാറുണ്ട്. എന്നാല്‍ മുട്ടയുടെ വെള്ള കഴിക്കുന്നത് നല്ലതാണ്. വൃക്കകള്‍ക്ക് ദോഷം വരാത്ത തരത്തിലുള്ള പ്രോട്ടീനുകളാണ് മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്നത്. ഡയാലിസിസിന് വിധേയരാകുന്ന രോഗികളും മുട്ടയുടെ വെള്ള തങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.
3- കോളിഫ്ളവര്‍: വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണ് കോളിഫ്ളവര്‍. നാരുകളും ആന്റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്ന കോളിഫ്ളവര്‍ വൃക്ക രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന പച്ചക്കറിയാണ്.
4- പൈനാപ്പിള്‍: പൊട്ടാസ്യം വളരെ കുറവുള്ള ഫലമാണ് പൈനാപ്പിള്‍. വൃക്കരോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ് പൈനാപ്പിള്‍.
5- വെളുത്തുള്ളി: വൃക്കരോഗമുള്ളവര്‍ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവ് കുറയ്ക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും സള്‍ഫര്‍ സംയുക്തങ്ങളും വെളുത്തുള്ളിയില്‍ ഉണ്ട്. ഇവ വൃക്കളുടെ ആരോഗ്യത്തിന് നല്ലതാണ്.
Story highlights: kidney friendly diet plan