ഇത് പുസ്തകങ്ങളെ സ്നേഹിച്ച ബുക്മാൻ; അത്ഭുതമായി ഒരു ബുക്ക് ഹൗസും
വായനയുടെ രൂപവും രീതിയും മാറി, ഡിജിറ്റൽ വായനക്കാരുടെ എണ്ണം വർധിച്ചെങ്കിലും പുസ്തകത്താളുകൾ മറിച്ച് വായിക്കുന്നവർ ഇന്നും നിരവധിയുണ്ട്. അത്തരക്കാരെ മുഴുവൻ അമ്പരപ്പിക്കുകയാണ് അൻകെ ഗൗഡയും അദ്ദേഹത്തിന്റെ പുസ്തകശാലയും. ലോകത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സ്വന്തമായുള്ള ആളുകളിൽ ഒരാളാണ് 72 കാരനായ ഗൗഡ. 70, 000- ൽ അധികം പുസ്തകങ്ങളാണ് ഗൗഡയുടെ ലൈബ്രറിയിൽ ഉള്ളത്.
ദരിദ്രകുടുംബത്തിൽ ജനിച്ച ഗൗഡയ്ക്ക് ചെറുപ്പത്തിൽ പുസ്തകങ്ങൾ വാങ്ങി വായിക്കാനുള്ള പണം ഉണ്ടായിരുന്നില്ല. എന്നാൽ ഇതൊന്നും അദ്ദേഹത്തിന് പുസ്തകത്തോടുള്ള പ്രണയത്തെ ഇല്ലാതാക്കിയില്ല. സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകരുടേയും സുഹൃത്തുക്കളുടെയും സഹായത്തോടെ കിട്ടാവുന്നത്ര പുസ്തകങ്ങൾ വായിച്ചു. പഠനത്തിനിടയിലും വായന അദ്ദേഹം മുടക്കിയില്ല. ബിരുദാനന്തര ബിരുദത്തിന് ശേഷം മാണ്ഡ്യയിലെ ഒരു പഞ്ചസാര ഫാക്ടറിയിൽ അദ്ദേഹം ജോലിയ്ക്ക് ചേർന്നു. ആ സമയത്തും പുസ്തകത്തോടുള്ള അദ്ദേഹത്തിന്റെ പ്രണയം കുറഞ്ഞില്ല. പോകുന്നയിടങ്ങളിൽ നിന്നെല്ലാം പുസ്തകങ്ങൾ വാങ്ങിക്കാനും കിട്ടുന്ന സമയങ്ങളിൽ പുസ്തകം വായിക്കാനും അദ്ദേഹം ശ്രമിച്ചു.
Read also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6820 പേർക്ക്; 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വായനയോടുള്ള അതിയായ ഭ്രമം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് പുസ്തകങ്ങളുടെ മറ്റൊരു ലോകത്തേക്കാണ്. 22 ഇന്ത്യൻ ഭാഷകളിലും, എട്ട് വിദേശ ഭാഷകളിലും ഉള്ള പുസ്തകങ്ങൾ അദ്ദേഹത്തിന്റെ പുസ്തകശാലയിൽ ഉണ്ട്. 1832 -ലെ എട്ട് വാല്യങ്ങളുള്ള വില്യം ഷേക്സ്പിയർ കൃതികളുടെ ശേഖരമാണ് അദ്ദേഹത്തിന്റെ ഏറ്റവും വിലമതിക്കുന്ന പുസ്തകങ്ങൾ. 2014- ൽ രാജ്യോത്സവ അവാർഡ്, 2009- ൽ കന്നഡ ബുക്ക് അതോറിറ്റി നൽകിയ ജിപി രാജരത്നം സാഹിത്യ പരിചാരിക അവാർഡ് തുടങ്ങി നിരവധി അവാർഡുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. 2016 -ൽ ‘ഏറ്റവും വലിയ വ്യക്തിഗത പുസ്തകശേഖരത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും അദ്ദേഹം ഇടം നേടിയിരുന്നു. നിരവധി ഗവേഷണ വിദ്യാർത്ഥികൾ റഫറൽ മെറ്റിരിയലിനായി അദ്ദേഹത്തിന്റെ പുസ്തകശാലയെ സമീപിക്കാറുണ്ട്.
Story Highlights: man collected more than 70-000 books