ഒരു കോടിയിലേറെ മരങ്ങള്‍ നട്ടു വളര്‍ത്തിയ 83-കാരന്
പ്രകൃതി സ്നേഹത്തക്കുറിച്ച് പ്രസംഗിക്കുന്നവരെ നാം പലപ്പോഴും കാണാറുണ്ട്. മിക്കപ്പോഴും ഈ സ്നേഹം വാക്കുകളില്‍ മാത്രമായി ഒതുങ്ങാറാണ് പതിവ്. എന്നാല്‍ ജീവിതംതന്നെ പ്രകൃതിക്ക് വേണ്ടി മാറ്റിവെച്ച ഒരാളുണ്ട്, ദരിപാലി രാമയ്യ.
തെലുങ്കാനയിലെ ഖമാം ജില്ലയിലാണ് ഇദ്ദേഹത്തിന്റെ ഗ്രാമം. എണ്‍പത്തിനാലു വയസ്സു പിന്നിട്ട ദരിപാലി രാമയ്യ ഇതിനോടകം നട്ടുപിടിപ്പിച്ചത് ഒരു കോടിയിലേറെ മരങ്ങളാണ്. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് തന്റെ ജീവിതലക്ഷ്യമായാണ് ഇദ്ദേഹം കാണുന്നത്.
ചെറുപ്പത്തില്‍ അമ്മയ്ക്കൊപ്പം പച്ചക്കറികള്‍ നട്ടുതുങ്ങിയതാണ് രാമയ്യ. പ്രാരാപ്തങ്ങള്‍ മൂലം പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും പുസ്തകവായന തുടര്‍ന്നു. ആ വായനാ ശീലം തന്നെയാണ് രാമയ്യയ്ക്ക് ജീവിതത്തില്‍ കരുത്തായതും. പല ഇടങ്ങളിലും മരങ്ങള്‍ വെട്ടിമാറ്റപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്വയം മരം നടാന്‍ ഇറങ്ങിയത്. ഭാര്യയുമുണ്ട് ഇദ്ദേഹത്തിന് കൂട്ടിന്.
സൈക്കിളില്‍ വൃക്ഷത്തൈകളുമായി രാമയ്യ സഞ്ചരിക്കും. പല ഇടങ്ങളിലും തൈകള്‍ നടും. തന്റെ സമ്പാദ്യമായ മൂന്ന് ഏക്കര്‍ ഭൂമി പോലും വിറ്റ് രാമയ്യ മരത്തൈകള്‍ വാങ്ങിയിട്ടുണ്ട്. സൈക്കിളില്‍ വൃക്ഷത്തൈകളുമായി ഗ്രാമത്തിലൂടെ പോകുന്ന രാമയ്യയെ ഭ്രാന്തന് എന്ന് വിളിച്ച് കളിയാക്കിയവരുമുണ്ട്. എന്നാല്‍ പ്രകൃതിക്ക് അദ്ദേഹം നല്കിയ കരുതലിന് രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. ഇതോടെയാണ് രാമയ്യയുടെ പ്രകൃതി സ്നേഹം പലരും തിരിച്ചറിഞ്ഞത്. മരം രാമയ്യ, വനജീവി രാമയ്യ എന്നീ പേരുകളിലൊക്കെയാണ് രാമയ്യ അറിയപ്പെടുന്നത്.
Story highlights: Man who planted more than 1 crore trees