ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള മാറ്റം; ശ്രദ്ധനേടി ഒരു മണിച്ചിത്രത്താഴ് ഫോട്ടോഷൂട്ട്
എത്ര കണ്ടാലും മതിവരാത്ത ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച മലയാളികളുടെ എന്നത്തേയും ഇഷ്ടചിത്രമാണ് ‘മണിച്ചിത്രത്താഴ്’. മണിച്ചിത്രത്താഴിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ ഇരിപ്പുറപ്പിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ, അന്നും ഇന്നും ആസ്വാദകർക്കിടയിലെ പ്രിയപ്പെട്ട വിരഹ നായികയാണ് നാഗവല്ലി. വർഷങ്ങൾക്കിപ്പുറവും നാഗവല്ലി ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും നിറസാന്നിധ്യമാണ്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടുകയാണ് നാഗവല്ലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.
നകുലന്റെ ഗംഗയിൽനിന്നും രാമനാഥന്റെ ഓർമ്മകളിൽ ജീവിക്കുന്ന പ്രതികാര ദുർഗയായ നാഗവല്ലിയിലേക്കുള്ള മാറ്റമാണ് ഫോട്ടോഷൂട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ക്രേസി വെഡ്ഡിങ് ഫൊട്ടോഗ്രഫി ക്രൂ ആണ് മനോഹരമായ ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. അമൃത രുദ്രയാണ് ഗംഗയായും നാഗവല്ലിയായും ചിത്രങ്ങളിൽ തെളിഞ്ഞത്. ശോഭന മണിച്ചിത്രത്താഴിൽ നാഗവല്ലിയ്ക്കായി ഉപയോഗിച്ച അതേ മോഡലിലുള്ള വസ്ത്രമാണ് അമൃതയും അണിഞ്ഞിരിക്കുന്നത്.
ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നാഗവല്ലി നിരവധി തവണ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ ഗംഗയിൽനിന്നും നാഗവല്ലിയിലേക്കുള്ള മാറ്റമാണ് പുനരാവിഷ്കരിച്ചിരിക്കുന്നത്.
ഫാസിലിന്റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 25-നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരവും ശോഭനയെ തേടിയെത്തിയിരുന്നു. മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി എ സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.
Story Highlights: Manichithrathazhu Nagavalli photoshoot