ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരുടെ പാട്ടും; വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്: വീഡിയോ
സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന് ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന് തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
മഞ്ചുവാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജു വാര്യരാണ്. കിം കിം എന്ന ഗാനത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന. സന്തോഷ് ശിവന് – മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
സന്തോഷ് ശിവന് ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്.
Story highlights: Manju Warrier Song In Jack And Jill Movie