അഞ്ച് ഭാഷകള്‍; 20 മില്യണ്‍ കാഴ്ചക്കാര്‍- വിസ്മയിപ്പിച്ച് മരക്കാര്‍ ട്രെയ്‌ലര്‍
മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്തതാണ് പ്രേക്ഷകരും ചിത്രത്തെ. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് ഇതുവരെ ലഭിച്ചത് 20 മില്യണ്‍ കാഴ്ചക്കാരാണ്. അഞ്ച് ഭാഷകളിലുമുള്ള ട്രെയ്‌ലറുകളുടെ കാഴ്ചക്കാരുടെ എണ്ണമാണ് രണ്ട് കോടി പിന്നിട്ടിരിക്കുന്നത്.
അതിശയിപ്പിക്കുന്ന ദൃശ്യമികവിലാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം കൊവിഡ് പ്രതിസന്ധിമൂലമാണ് ചിത്രത്തിന്റെ റിലീസ് നീളുന്നത്. അറുപത് രാജ്യങ്ങളില്‍ റിലീസ് കരാര്‍ ഉള്ളതിനാല്‍ കൊവിഡ് മഹാമാരിക്ക് ശേഷമായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക.
സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ‘മരക്കാര്‍’ എന്ന സിനിമയുടെ നിര്‍മാണം.
Story highlights: Marakkar Arabikadalinte Simham Official Trailer crosses 20M Views