കലാശപ്പോരാട്ടം കാണാനെത്തിയ ‘സൂപ്പർസ്റ്റാർ ഫ്രം കേരള’; ഐപിഎൽ വേദിയിൽ മോഹൻലാൽ

ഐപിഎൽ പതിമൂന്നാം സീസൺ ഫൈനൽ കാണാൻ ദുബായ് സ്റ്റേഡിയത്തിൽ ഒരു വിശിഷ്ടാതിഥിയുമെത്തിയിരുന്നു. മുംബൈ- ഡൽഹി കലാശപ്പോരാട്ടത്തിന് സാക്ഷിയായത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലാണ്. ‘സൂപ്പർസ്റ്റാർ ഫ്രം കേരള’ എന്ന വിശേഷണത്തോടെയാണ് മോഹൻലാലിന് ഐപിഎൽ വേദിയിൽ സ്വീകരണം ലഭിച്ചത്. ‘ദൃശ്യം 2’ ചിത്രീകരണം പൂർത്തിയാക്കി രണ്ടുദിവസം മുൻപാണ് മോഹൻലാൽ ദുബായിലേക്ക് പറന്നത്.

അതേസമയം, മുംബൈ- ഡൽഹി മത്സരത്തിൽ മുംബൈ വിജയം കൈവരിച്ചിരിക്കുകയാണ്. പതിമൂന്നാം സീസൺ കിരീടം സ്വന്തമാക്കിയതോടെ വര്ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന സ്ഥിരത മുംബൈ വീണ്ടും പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടത്തിൽ മുത്തമിടുന്നത്. മാത്രമല്ല, തുടർച്ചയായി രണ്ടാമത്തെ തവണയാണ് ജേതാക്കളാകുന്നത്.

കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഡൽഹി നിലനിർത്തി. മുംബൈയിൽ രാഹുൽ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി.2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തു. ഐപിഎല്ലിൽ ഇത്രയധികം സ്ഥിരത കാത്തുസൂക്ഷിച്ച ടീം വേറെയില്ല. ഒമ്പതു കളികള്‍ ജയിച്ച് ഒന്നാംസ്ഥാനക്കാരായി പ്ലേ ഓഫിലെത്തുകയായിരുന്നു ഈ സീസണിലും മുംബൈ.

ഈ സീസണിൽ മൂന്നുതവണ നേർക്കുനേർ വന്നപ്പോഴും ഡൽഹിയെ പരാജയപ്പെടുത്തിയ ചരിത്രമാണ് മുംബൈക്കുള്ളത്. ഫൈനൽ പോരാട്ടത്തിലും കന്നിയങ്കക്കാരായ ഡൽഹിയെ മുംബൈ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

Story highlights- mohanlal to watch ipl in dubai stadium