ഐപിഎല്‍-ല്‍ ഇനിയുള്ള വര്‍ഷവും താനുണ്ടാവുമെന്ന് ധോണി

November 1, 2020
MS Dhoni confirms he will be-back with CSK

ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണില്‍ നിന്നും പുറത്തേക്ക് നടന്നു നീങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ധോണി ഐപിഎല്‍-ല്‍ സജീവമായപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ വരും വര്‍ഷവും ചെന്നൈയ്ക്ക് വേണ്ടി താന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എം എസ് ധോണി.

കമന്റേറ്റര്‍ ഡാനി മോറിസണിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘ഇത് മഞ്ഞ ജേഴ്‌സിയിലെ നിങ്ങളുടെ അവസാന മത്സരമായിരിക്കുമോ’ എന്നായിരുന്നു ഡാനി മോറിസണ്‍ ടോസിങ്ങിനിടെ ചോദിച്ചത്. ‘തീര്‍ച്ചയായും അല്ല’ എന്ന് ധോണി ഉടനെ മറുപടി നല്‍കുകയും ചെയ്തു.

ഐപിഎല്‍ പതിമൂന്നാം സീസണില്‍ കരുത്ത് കാട്ടാന്‍ ചെന്നൈയ്ക്ക് ആയില്ല. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകുന്നതും. മൂന്ന് തവണ ചാമ്പ്യന്‍മാരായ ടീമാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. അതേസമയം ആശ്വാസ ജയം നേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മടക്കം. അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ചെന്നൈ പരാജയപ്പെടുത്തി. ഒമ്പത് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. 154 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മറികടന്നു.

Story highlights: MS Dhoni confirms he will be-back with CSK