കണ്ണെത്താദൂരത്തോളം നീലവെളിച്ചം വിതറി മുംബൈയിലെ കടലുകൾ; മനോഹരം ഈ കടൽക്കാഴ്ച

November 30, 2020

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. ഓരോ തവണയും വ്യത്യസ്തവും ആകർഷകവുമായ അത്ഭുത കാഴ്ചകളാണ് പ്രകൃതി സമ്മാനിക്കുന്നത്. ഇപ്പോഴിതാ ഭംഗിയേറിയ നീലതിരമാലകള്‍ക്കൊണ്ട് അപൂര്‍വമായ ദൃശ്യാനുഭവം ഒരുക്കുകയാണ് മഹാരാഷ്ട്രയിലെ ബീച്ചുകൾ. മുംബയിലെ ജുഹു ബീച്ചിൽ തുടങ്ങി ഗോവയിലെ ബെറ്റാൽ ബാറ്റീം വരെയുള്ള ബിച്ചുകളിലാണ് ഇത്തരത്തിൽ മനോഹരമായ നീലവെളിച്ചം ദൃശ്യമായത്.

അതേസമയം നേരത്തെയും പല ബീച്ചുകളിലും ഇത്തരത്തിലുള്ള പ്രതിഭാസം രൂപപ്പെട്ടിരുന്നു. ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. കടലിൽ വസിക്കുന്ന ഫൈറ്റോപ്ലാങ്ക്ടണുകള്‍ എന്ന ജീവികളാണ് ഈ പ്രകാശത്തിന് പിന്നില്‍. ഇവ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നത്തിന്റെ ഭാഗമായാണ് നീല നിറം പുറപ്പെടുവിക്കുന്നത്. തിരമാലകൾ മൂലം ഇവയുടെ ആവാസത്തിന് തടസ്സങ്ങൾ സംഭവിക്കുമ്പോഴാണ് ഇവ നീലനിറം പുറപ്പെടുവിക്കുന്നത്.

Read also: ഈ കുരുന്ന് ഫ്‌ളവേഴ്‌സ് ടിവിയുടെ ‘കട്ടഫാന്‍’- വീഡിയോ

ബയോലൂമിനസെന്‍സ് പ്രതിഭാസത്തെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കാറുണ്ട്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് എന്നിവ പോലുള്ള സൂഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ഇതേ പ്രതിഭാസം തന്നെയാണ് ചെങ്കടലിന്റെ ചുവപ്പ് നിറത്തിനും കാരണം. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മത്സ്യങ്ങള്‍ എന്നിവയ്ക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും ഇണയെയും ഇരയെയുമൊക്കെ ആകര്‍ഷിക്കാനും സൂഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്.

പലയിടങ്ങളിലും ഈ പ്രതിഭാസം നടക്കാറുണ്ട്. സാധാരണ കുറച്ച് ദിവസങ്ങളിലോ അല്ലെങ്കില്‍ ഒന്ന് രണ്ട് ആഴ്ചകളിലോ ഒക്കെയാണ് ഈ പ്രതിഭാസം കണ്ടുവരിക. എന്നാല്‍ അടുത്തിടെ കാലിഫോര്‍ണിയയില്‍ ഉണ്ടായ പ്രതിഭാസം ഒരു പതിറ്റാണ്ടിനുള്ളിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം ഏറിയതാണ്.

Story Highlights: mumbai to goa coast sparkles with gorgeous ‘blue tide’