ഷൂട്ടിങ് തിരക്കുകളുമായി വീണ്ടും ടൊവിനോ; ‘കാണെക്കാണെ’ ലൊക്കേഷനിലേക്ക്

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ചലച്ചിത്രതാരം ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനുകളിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ താരം സിനിമ ചിത്രീകരണത്തിനായി ലൊക്കേഷനിലേക്ക് എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ‘കാണെക്കാണെ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്. ആഷിക് അബു ഒരുക്കിയ മായാനദിയ്ക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരാകുന്ന പുതിയ ചിത്രമാണ് ‘കാണെക്കാണെ’. മനു അശോകനാണ് ചിത്രം ഒരുക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. 

അതേസമയം ‘കള’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരിക്കേറ്റത്. സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിൽ ഉണ്ടായ രക്തസ്രാവത്തെത്തുടർന്ന് രണ്ടാഴ്ച വിശ്രമം നൽകുകയിരുന്നു.

രോഹിത് വി എസ് ആണ് ‘കള’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള.

താരത്തിന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നാരദൻ’. ചിത്രം സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘നാരദൻ’. 

Story Highlights: tovino thomas back to location