വീട്ടിനകത്ത് തീപിടുത്തം; വീട്ടുടമയ്ക്ക് രക്ഷകനായത് വളർത്തുപക്ഷി, ‘എറികി’ന് സോഷ്യൽ മീഡിയയുടെ അഭിനന്ദനപ്രവാഹം
യജമാനന്മാരോട് വളരെയധികം സ്നേഹവും ആത്മാർത്ഥതയും ഒക്കെ ഉള്ളവരാണ് വീട്ടിലെ വളർത്തുമൃഗങ്ങൾ. പല അപകടങ്ങളിൽ നിന്നും വീട്ടുകാരെ രക്ഷിക്കുന്ന വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. വീടിനകത്ത് തീപിടുത്തം ഉണ്ടായപ്പോൾ രക്ഷകനായ വീട്ടിലെ വളർത്തുപക്ഷി എറിക് ആണ് സോഷ്യൽ ലോകത്തിന്റെ കൈയടി നേടുന്നത്.
ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡിലാണ് സംഭവം. ആന്റണ്‍ എന്ഗ്വെയിന് എന്ന വ്യക്തിയെയാണ് അദ്ദേഹത്തിന്റെ വളർത്തുപക്ഷി എറിക് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്. ക്വീന്‍സ്ലാന്‍ഡിലെ വീട്ടിൽ ആന്റണ്‍ എന്ഗ്വെയിനും എറിക്കും തനിയെയാണ് താമസം. രാത്രിയിൽ എറിക് തുടർച്ചയായി ബഹളം വയ്ക്കുന്നത് കേട്ട് ഉണർന്നപ്പോഴാണ് വീടിനകത്ത് വലിയ രീതിയിൽ പുക ഉയരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
Read also:പഠിക്കാൻ പണം വേണ്ട, പകരം തേങ്ങയും മുരിങ്ങയിലയും മതി- വ്യത്യസ്ത ആശയവുമായി ഒരു കോളേജ്
വീടിനകത്ത് പുക പടരുന്നത് കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് തീപിടുത്തമാണെന്ന് മനസ്സിലാക്കിയതോടെ ആന്റൺ ഉടൻതന്നെ എമർജൻസി നമ്പറിലേക്ക് ഫോൺ ചെയ്തു. വേഗത്തിൽ അത്യാവശ്യ സാധനങ്ങളും എടുത്ത് എറിക്കിനെയും കൂട്ടി വീടിന്റെ പുറത്തേക്ക് ഓടി. വീടിന് പുറത്തിറങ്ങിയപ്പോഴേക്കും വീട്ടിൽ തീ പടർന്നുകഴിഞ്ഞിരുന്നു. എന്തായാലും എറിക്കിന്റെ ഇടപെടൽ മൂലമാണ് വലിയ ഒരു അപകടം ഒഴിവായത്. വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലായതോടെ എറിക്കിന് നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights:Parrot saves owner’s life from a house fire