ആരൊക്കെ പുറത്ത് ആരൊക്കെ അകത്ത്; മുംബൈ- ഹൈദരാബാദ് പോരാട്ടം നിർണായകമാകുന്നത് ഇങ്ങനെ…

November 3, 2020

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഇനിയുള്ള ദിനങ്ങൾ ഏറെ നിർണായകമാണ്…അവസാന ഘട്ടങ്ങളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ മറ്റ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇന്നത്തെ മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളെ ആശ്രയിച്ചായിരിക്കും. നിലവിൽ മൂന്ന് ടീമുകൾ പ്ലേ ഓഫിലേക്ക് കടന്നു കഴിഞ്ഞു. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ചു. ഇനി ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടിയാണ് മത്സരം നിർണായകമാകുന്നത്. ആ സ്ഥാനം സൺറൈസേഴ്സ് ഹൈദരാബാദോ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സോ എന്നത് മാത്രമാണ് ഇനി നിർണയിക്കപ്പെടേണ്ടത്.

എത്തരത്തിലാണ് ഇന്നത്തെ മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം മറ്റ് ടീമുകൾക്ക് നിർണായകമാകുന്നത് എന്ന് പരിശോധിക്കാം…

മത്സരം മുംബൈ ഇന്ത്യൻസ് വിജയിച്ചാൽ..?

നിലവിൽ 13 മത്സരങ്ങളിൽ നിന്നുമായി 18 പോയന്റാണ് മുംബൈ ഇന്ത്യൻസിന് ഉള്ളത്. ഇന്നത്തെ മത്സരം വിജയിച്ചാൽ 14 മത്സരങ്ങളിൽ നിന്നുമായി 20 പോയിന്റ് നേടി തലയെടുപ്പോടെ ഒന്നാമതായി മുംബൈയ്ക്ക് നിലനിൽക്കാം.. അതോടൊപ്പംതന്നെ പോയിന്റ് പട്ടികയിൽ കാര്യമായ ഒരു മാറ്റം ഉണ്ടാവുകയുമില്ല. രണ്ടാം സ്ഥാനത്ത് ഡൽഹി ക്യാപിറ്റൽസും മൂന്നാം സ്ഥാനത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നാലാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടരും. ഈ നാല് ടീമുകൾക്കും പ്ലേ ഓഫിലേക്കും കടക്കാം.

സൺറൈസേഴ്സ് ഹൈദരാബാദ് വിജയിച്ചാൽ ?

ഇന്നത്തെ മുംബൈ ഇന്ത്യൻസ്- ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദ് ആണ് വിജയിക്കുന്നതെങ്കിൽ, പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഹൈദരാബാദിന് രണ്ട് പോയിന്റുകൾ കൂടി നേടി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താൻ സാധിക്കും. നിലവിൽ ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും 14 പോയിന്റാണ് ഉള്ളതെങ്കിലും നെറ്റ് റൺ റേറ്റിലെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ടീമുകളുടെ സ്ഥാനം നിർണയിക്കുക. മത്സരം വിജയിച്ച് ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് എത്തുന്നതോടെ കൊൽക്കത്ത ടൂർണമെന്റിൽ നിന്നും പുറത്താകും. ഹൈദരാബാദ് ജയിച്ചാലും ബാംഗ്ലൂരിന് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് എത്താം.

അതേസമയം ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- ഡൽഹി ക്യാപിറ്റൽസ് മത്സരം ഇരു ടീമുകൾക്കും ഏറെ നിർണായകം ആണെന്നിരിക്കെ ഡൽഹി ക്യാപിറ്റൽസാണ് വിജയം നേടിയത്. അജിൻക്യ രഹാനെ- ശിഖർ ധവാൻ കൂട്ടുകെട്ടാണ് ഇന്നലത്തെ മത്സരത്തിൽ ഡൽഹിയ്ക്ക് വിജയം അനായാസം ആക്കിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടക്കുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തായി ബാംഗ്ലൂരിന്റെ സ്ഥാനം.

പ്ലേ ഓഫിന് മുൻപുള്ള അവസാന മത്സരത്തിൽ ഇന്ന് വൈകുന്നേരം 7.30 ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും സൺറൈസേഴ്‌സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ഈ നിർണായക മത്സരത്തിൽ വിജയത്തിൽ മത്സരത്തിൽ വിജയിച്ച് പ്ലേ ഓഫിലേക്ക് കടക്കാൻ ആയിരിക്കും ഹൈദരാബാദിന്റെ ശ്രമം. അതേസമയം നിലവിൽ തുടരുന്ന ജൈത്രയാത്ര തുടർന്നും നേടിയെടുത്ത് ആത്മവിശ്വാസത്തോടെ അവസാന മത്സരങ്ങളിലേക്ക് പോരാടാനായിരിക്കും മുംബൈ ശ്രമിക്കുക.

കിങ്‌സ് ഇലവൻ പഞ്ചാബ്, ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ ഇതിനോടകം പ്ലേ ഓഫ് സാധ്യതകൾ കാണാതെ മടങ്ങി.

Story Highlights:ipl 2020 play off