76 കുട്ടികൾക്ക് രക്ഷകയായ പൊലീസ് ഓഫീസർ; സല്യൂട്ട് അടിച്ച് സോഷ്യൽ ലോകം
ദിവസവും കാണാതാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാണാതാകുന്ന കുട്ടികളെ അന്വേഷിച്ച് കണ്ടെത്താനായി ധാക എന്ന പൊലീസ് ഉദ്യോഗസ്ഥ മുന്നിട്ടിറങ്ങിയത്..കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ കാണാതായ 76- ഓളം കുട്ടികളെയാണ് ധാക എന്ന പൊലീസ് ഉദ്യോഗസ്ഥ കണ്ടെത്തിയത്. ഡൽഹിയിലെ സമയ്പുർ ബാദ്ലി സ്റ്റേഷനിലെ പോലീസുകാരിയാണ് ധാക.
ഡൽഹി, ബംഗാൾ, പഞ്ചാബ്, ഹരിയാന, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കാണാതായ കുഞ്ഞുങ്ങൾക്കാണ് ധാക രക്ഷകയായത്. കണ്ടെത്തിയ 76 ൽ 56 കുട്ടികളും 7 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. അതേസമയം ‘താനും ഒരു അമ്മയാണ് അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിന്റെ വേദന തനിക്ക് കൃത്യമായി മനസിലാകും. ഒരു കുടുംബത്തിനും അവരുടെ കുട്ടികളെ നഷ്ടപ്പെടരുത് എന്നാണ് തന്റെ ആഗ്രഹം’ ധാക പറഞ്ഞു.
‘പല ദിവസങ്ങളിലും 24 മണിക്കൂറും ജോലി ചെയ്താണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചിലപ്പോഴൊക്കെ അതിസാഹസീകമായി ജോലി ചെയ്യേണ്ടി വന്നു. വെള്ളപ്പൊക്ക സമയത്ത് പുഴകൾ കുറുകെ കടന്ന് വരെ അന്വേഷണം നടത്തേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബറിൽ ബംഗാളിൽ നിന്നും കാണാതായ ഒരു കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവം’ എന്നും ധാക കൂട്ടിച്ചേർത്തു.
Read also ; പുതുചരിത്രം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റ് മത്സരവും
കുടുംബവുമായി വഴക്കിട്ട് ഇറങ്ങുന്ന കൗമാരക്കാണ് കണ്ടെത്തിയതിൽ മിക്കവരും. ഇങ്ങനെ വീടുവിട്ട് പോകുന്ന കുഞ്ഞുങ്ങൾ പലപ്പോഴും മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമപ്പെട്ട് പോകുകയാണ് ചെയ്യുന്നതെന്നും ധാക പറഞ്ഞു.
അതേസമയം കഴിഞ്ഞ മൂന്ന് മാസങ്ങൾക്കൊണ്ട് ഇത്രയധികം കുഞ്ഞുങ്ങളെ രക്ഷിച്ച ധാകയ്ക്ക് അപൂർവ സ്ഥാനക്കയറ്റം നൽകി ആദരിച്ചിരിക്കുകയാണ് ഡൽഹി പൊലീസ് കമ്മീഷ്ണർ ശ്രീവാസ്തവ.
Story Highlights: Police woman found 76 missing kids in last 3 months