ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ നായികയായി പൂർണിമ ഇന്ദ്രജിത്ത്; രണ്ടാംവരവിൽ ബോളിവുഡിലേക്ക്

ദേശീയ പുരസ്കാര ജേതാവായ സച്ചിൻ കുന്ദൽക്കറിന്റെ ഹിന്ദി- ഇംഗ്ലീഷ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി പൂർണിമ ഇന്ദ്രജിത്ത്. കൊബാൾട്ട് ബ്ലൂ എന്ന പേരിൽ എത്തുന്ന ചിത്രത്തിൽ വേഷമിടുന്ന കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇതേപേരിലുള്ള സച്ചിൻ കുന്ദൽക്കറിന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇടവേളയ്ക്ക് ശേഷം ബോളിവുഡിലൂടെയാണ് പൂർണിമയുടെ മടങ്ങിവരവ്.
2006ൽ മറാത്തിയിൽ പുറത്തിറങ്ങിയ നോവലാണ് കൊബാൾട്ട് ബ്ലൂ. പ്രതീക് ബബ്ബാറാണ് ചിത്രത്തിൽ നായകൻ. തനയ്, അനുജ എന്നിങ്ങനെ രണ്ടു സഹോദരിമാരുടെ കഥയാണ് കൊബാൾട്ട് ബ്ലൂ. ഇവരുടെ വീട്ടിൽ പേയിങ്ങ് ഗസ്റ്റായി താമസിക്കാനെത്തുന്ന യുവാവുമായി സഹോദരിമാർ പ്രണയത്തിലാകുകയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. നെറ്റ്ഫ്ലിക്സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ വെബ് സീരീസായ ലൈലയുടെ നിർമാതാക്കളാണ് ഓപ്പൺ എയർ ഫിലിംസ്.
നടിയും, അവതാരകയും, ഫാഷൻ ഡിസൈനറായും ശോഭിക്കുന്ന പൂർണിമ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മലയാള സിനിമയിലെ ഫാഷൻ ഐക്കണാണ് പൂർണിമ. മോഡലിംഗ് രംഗത്ത് നിന്നുമാണ് പൂർണിമ സിനിമാ ലോകത്തേക്ക് എത്തിയത്. സിനിമയിലും സീരിയലിലുമായി മലയാളത്തിലും തമിഴിലും സജീവമായിരുന്നു പൂർണിമ. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം വസ്ത്രവ്യാപാര രംഗത്തേക്ക് തിരിയുകയായിരുന്നു താരം. 1986ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പൂർണിമയുടെ വര്ണ്ണകാഴ്ചകള്, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവ.
വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്നും വിട്ടുനിന്ന പൂർണിമ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം വൈറസിലൂടെ സിനിമയിലേക്ക് തിരികെ എത്തിയത്. ഇപ്പോൾ ‘തുറമുഖ’ത്തിലും അഭിനയിച്ചു കഴിഞ്ഞു താരം. മികച്ച സംരംഭകയ്ക്കുള്ള കേരള സർക്കാർ പുരസ്കാരവും അടുത്തിടെ പൂർണിമ സ്വന്തമാക്കിയിരുന്നു.
Story highlights- poornima indrajith’s next movie