ഹൃദയത്തിനും വൃക്കകള്‍ക്കും പ്രശ്നങ്ങള്‍; നിറമിഴികളോടെ രോഗാവസ്ഥയെക്കുറിച്ച് റാണ
അഭിനയമികവു കൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് റാണ ദഗുബാട്ടി. ബാഹുബലി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരം പ്രേക്ഷകപ്രീതി നേടി. നായകനായും സഹനടനായും എല്ലാം വെള്ളിത്തിരയില്‍ വിസ്മയങ്ങളൊരുക്കുന്നു താരം. ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് റാണ ദഗുബാട്ടി.
സമാന്ത അവതാരകയായെത്തുന്ന സാം ജാമിലാണ് റാണ രോഗാവസ്ഥകളെക്കുറിച്ച് പറഞ്ഞത്. സംവിധായകന് നാഗ അശ്വിനുമുണ്ടായിരുന്നു റാണയ്ക്കൊപ്പം പരിപാടിയില്‍. അതേസമയം മിഴി നിറച്ച് ഏറെ വികാരധീനനായാണ് താരം രോഗാവസ്ഥകളെക്കുറിച്ച് സംസാരിച്ചത്.
‘അതിവേഗതയില്‍ സുഗമമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു ജീവിതം. എന്നാല്‍ പെട്ടെന്ന് ഒരു പോസ് ബട്ടണ്‍ അമര്‍ത്തിയതുപോലെ ആവുകയായിരുന്നു. വൃക്കകള്‍ തകരാറിലായതിന് ഒപ്പം ഹൃദയത്തിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി. സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത. മരണത്തിനുപോലും മുപ്പത് ശതമാനം സാധ്യതയുണ്ടായിരുന്നുവെന്നും’ റാണ നിറമിഴികളോടെ പറഞ്ഞു.
അതേസമയം റാണയെക്കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ‘അരികിലുണ്ടായിരുന്നവര് തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് പോലും റാണ ഒരു പാറ പോലെ ഉറച്ചുനിന്നു. അത് ഞാന്‍ നേരിട്ട് കണ്ടതാണ്. അതുകൊണ്ടാണ് റാണ എനിക്ക് സൂപ്പര്‍ ഹീറോ ആകുന്നത്’ എന്നായിരുന്നു സാമന്തയുടെ വാക്കുകള്‍.
Story highlights: Rana Daggubati talks about his Health Issues