അഭിനയ രംഗത്തേക്ക് ചുവടുവെച്ച് സാനിയ മിർസ; വെബ് സീരിസ് ഒരുങ്ങുന്നു

അഭിനയരംഗത്തേക്ക് ചുവടുവെക്കുകയാണ് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ. വെബ് സീരീസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. അതേസമയം സാമൂഹ്യ അവബോധം സൃഷ്ടിക്കുന്ന വെബ് സീരിസിലാണ് താരം അഭിനയിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്ഷയരോഗത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ ടുഗെദർ’ എന്ന വെബ് സീരീസാണ് സാനിയയുടേതായി ഒരുങ്ങുന്നത്.

അഞ്ച് എപ്പിസോഡുകളിലായി ഒരുങ്ങുന്ന വെബ് സീരിസിന്റെ ആദ്യഭാഗം ഈ മാസം അവസാനത്തോടെ റീലിസ് ചെയ്യും. മിർസയ്ക്ക് പുറമെ സീരിസിൽ അഭിനയിക്കുന്നത് സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ്.

‘രാജ്യത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് ക്ഷയം. രോഗനിർണയം നടത്തിയ കേസുകളിൽ പകുതിയോളം 30 വയസിന് താഴെ ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റുദ്ധാരണകൾ മാറേണ്ടതും കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടതും ആവശ്യമാണെന്നും’ സാനിയ മിർസ പറഞ്ഞു.

Read also:പാർവതിയും ബിജു മേനോനും പ്രധാന വേഷത്തിൽ; സാനു ജോൺ വർഗീസ് ചിത്രം ഒരുങ്ങുന്നു, ശ്രദ്ധേയമായി ലൊക്കേഷൻ ചിത്രങ്ങൾ

അതേസമയം കായികതാരം എന്നതിലുപരി സാമൂഹ്യപ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്ന താരമാണ് സാനിയ മിർസ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ് സാനിയ.

Story Highlights: sania mirza acts in web series