സൂര്യയ്ക്ക് ശബ്ദം നല്‍കി നരേന്‍; ശ്രദ്ധേയമായി സൂരരൈ പോട്രു മലയാളം ട്രെയ്‌ലര്‍

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തമിഴിന് പുറമെ കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍. നടന്‍ നരേനാണ് മലയാളത്തില്‍ സൂര്യയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. ദീപാവലി പ്രമാണിച്ച് നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വഴി ചിത്രം പ്രേക്ഷകരിലേക്കെത്തും.

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് സൂര്യ. അതുകൊണ്ടുതന്നെ ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുക. ശരവണന്‍ ശിവകുമാര്‍ എന്നായിരുന്നു സൂര്യയുടെ ആദ്യത്തെ പേര്. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ സൂര്യ എന്നായി. 1997ല്‍ തിയേറ്ററുകളിലെത്തിയ ‘നേര്‍ക്കുനേര്‍’ എന്ന ചിത്രത്തിലൂടെ സൂര്യ ചലച്ചിത്ര അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു.

2001-ല്‍ ബാല സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രത്തിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധേയനായത്. സൂര്യ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നന്ദ. പിന്നീട് ‘ഗജിനി’യിലൂടെ പ്രേക്ഷക മനസ്സുകളില്‍ നിത്യമായ സ്ഥാനം നേടി സൂര്യ എന്ന മഹാനടന്‍. ‘കാക്ക കാക്ക’, ‘പിതാമഗന്‍’, ‘ആയുധ എഴുത്ത്’, ‘സില്ലന് ഒരു കാതല്‍’, ‘അയന്‍’, ‘ആദവന്‍’ തുടങ്ങി അഭിനയിച്ച എല്ലാ ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ സൂര്യ അവിസ്മരണീയമാക്കി.

Story highlights: Soorarai Pottru Malayalam Official Trailer