ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത് ഹൈദരാബാദ്; രോഹിതിന്റെ നേതൃത്വത്തിൽ ബാറ്റിനിറങ്ങാൻ മുംബൈ
പ്ലേ ഓഫിന് മുൻപുള്ള അവസാന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുത്തു. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തി. പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകികൊണ്ട് വലിയ മാറ്റങ്ങളോടെയാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. മുംബൈ ബോളിങ് നിരയുടെ നെടുംതൂണുകളായ ജസ്പ്രീത് ബൂംറയും ബോൾട്ടും കളിക്കളത്തിൽ ഇറങ്ങുന്നില്ല.
സൺറൈസേഴ്സ് ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം ജീവൻ മരണ പോരാട്ടമാണ് ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമേ സൺറൈസേഴ്സ് ഹൈദരാബാദിന് പ്ലേ ഓഫിൽ കടക്കാൻ സാധിക്കുക. വിജയത്തോടെ രണ്ട് പോയിന്റ് നേടി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് കടക്കാൻ ആയിരിക്കും വാർണറും കൂട്ടരും ശ്രമിക്കുക. മികച്ച ഫോമിൽ പന്തെറിയുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബോളർമാരിൽ പ്രതീക്ഷ അർപ്പിച്ചാണ് ടോസ് നേടിയ വാർണർ ബോളിങ് തിരഞ്ഞെടുത്തത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് സൺറൈസേഴ്സിന്റെ ബോളറുമാർ ഉയർന്നാൽ കുറഞ്ഞ സ്കോറിൽ മുംബൈയെ ഒതുക്കാൻ സൺറൈസേഴ്സിന് ആകും.
അതേസമയം മറ്റ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ ഇന്നത്തെ മുംബൈ ഇന്ത്യൻസ്- സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകളെ ആശ്രയിച്ചായിരിക്കും. നിലവിൽ മൂന്ന് ടീമുകൾ പ്ലേ ഓഫിലേക്ക് കടന്നു കഴിഞ്ഞു. മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ചു. ഇനി ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടിയാണ് ഇന്നത്തെ മത്സരം നിർണായകമാകുന്നത്. ആ സ്ഥാനം സൺറൈസേഴ്സ് ഹൈദരാബാദോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സോ എന്നത് മാത്രമാണ് ഇനി നിർണയിക്കപ്പെടേണ്ടത്.
Story Highlights: Sunrisers Hyderabad opt to bowl