ഇത് ഭൂമിയിലെ ഫെയറിലാൻഡ്; അത്ഭുതകാഴ്ചകൾ ഒരുക്കി ഒരു ഗ്രാമം
അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി…സുന്ദരമായ കാഴ്ചകളും നിഗൂഢതകളുമായി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രകൃതിയുടെ ദൃശ്യങ്ങൾ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഭൂമിയിലെ ഫെയറി ലാൻഡ് എന്നറിയപ്പെടുന്ന സ്ഥലത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വിസ്മയം സൃഷ്ടിക്കുന്നത്. ചൈനയിലെ യുനാന് പ്രവിശ്യയുടെ തലസ്ഥാനമായ കുന്മിംഗിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഡോങ്ചുവാന് എന്ന ഗ്രാമമാണ് വ്യത്യസ്തവും സുന്ദരവുമായ കാഴ്ചകളാൽ ഇവിടെ എത്തുന്നവരെ അത്ഭുതപ്പെടുത്തുന്നത്.
പച്ചപ്പ് നിറഞ്ഞ മലനിരകൾക്ക് പകരം ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങളാൽ നിറഞ്ഞുനിൽക്കുന്ന തട്ടുതട്ടുകളായുള്ള കുന്നിൻ ചെരുവുകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. വയൽ കൃഷിയ്ക്കായി ഉഴുതിട്ടിരിക്കുന്ന പാടങ്ങളാണ് വ്യത്യസ്ത നിറത്തിൽ ഇവിടെ സുന്ദരമായ കാഴ്ചകൾ ഒരുക്കുന്നത്.
വസന്തകാലത്താണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്താറുള്ളത്. വേനൽകാലത്ത് ഇവിടെ ധാന്യങ്ങളാണ് കൃഷിചയ്യുന്നത്. ശരത് കാലത്ത് ഭൂമിയിലെ ഫെയറി ലാൻഡ് പോലെ സുന്ദരമാണ് ഈ ഗ്രാമം. ഇരുമ്പിന്റെയും ചെമ്പിന്റെയും സാന്നിധ്യം കൊണ്ടാണ് മണ്ണിന് ഈ നിറവ്യത്യാസം ലഭിക്കുന്നത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Read also:കാലിൽ ചെരുപ്പില്ല, പഴയ സൈക്കിളുമായി മത്സരിക്കാനിറങ്ങി; ഇത് ലോകം നെഞ്ചിലേറ്റിയ കുഞ്ഞുബാലൻ
1990 കളുടെ പകുതിയിലാണ് ഈ സ്ഥലത്തേക്ക് ഒരു ഫോട്ടോഗ്രാഫർ എത്തുന്നത്. അതുവരെ ഈ സ്ഥലത്തെക്കുറിച്ചു പുറംലോകം അറിഞ്ഞിരുന്നില്ല. കുറെയധികം നാൾ ഈ സ്ഥലത്തെക്കുറിച്ച് ഈ ഫോട്ടോഗ്രാഫറും മറച്ചുവെച്ചിരുന്നുവത്രേ. എന്നാൽ പിന്നീട് ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞതോടെ ഇവിടേക്ക് വിനോദസഞ്ചാരികളും ഫോട്ടോഗ്രാഫർമാരും അടക്കമുള്ളവർ നിരവധിയായി എത്താൻ തുടങ്ങി.
Story Highlights:The Red Earth Terraces of Dongchuan